ചൈനയിൽനിന്നെത്തിയ പാണ്ടകൾ അൽഖോർ പാർക്കിൽ
ദോഹ: രാജകീയമായ വരവേൽപ്പ്. സുഹൈലിനെയും തുറായയെയും വഹിച്ച് ചൈനയിൽനിന്ന് പറന്നുയർന്ന ഖത്തർ എയർവേസിന്റെ കാർഗോ വിമാനം ദോഹയിൽ നിലംതൊട്ടപ്പോൾ സ്വീകരിക്കാൻ ഒരുകൂട്ടം ടോയ് പാണ്ടകളുമായാണ് ആതിഥേയരെത്തിയത്. പതുക്കെ ലാൻഡ് ചെയ്ത വിമാനത്തിന്റെ കോക് പിറ്റ് ഗ്ലാസ് നീക്കി ആദ്യം പുറത്തേക്ക് എത്തിനോക്കിയത് ഭീമനൊരു പാണ്ട. താഴെ സ്വീകരിക്കാനെത്തിയ ആതിഥേയരെ അഭിവാദ്യം ചെയ്യുകയായിരുന്നു വിമാനത്തിനുള്ളിൽനിന്നുള്ള ടോയ് പാണ്ടകൾ.
അതിനുശേഷമായിരുന്നു ലോകകപ്പിനായി 140 കോടി ചൈനക്കാരുടെ സമ്മാനമായി നൽകിയ സുഹൈലും തുറായയും ഖത്തറിന്റെ മണ്ണിലേക്കിറങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ പാണ്ട ബേസ് ക്യാമ്പിൽനിന്ന് യാത്രതുടങ്ങിയത്. ചെങ്ദു ഷുവാഗ്ലിയു വിമാനത്താവളത്തിൽനിന്ന് പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലായിരുന്നു ദോഹയിലേക്കുള്ള യാത്ര. ചൈനയിൽനിന്ന് ആദ്യമായി മധ്യപൂർവേഷ്യൻ രാജ്യത്തേക്ക് യാത്രചെയ്യുന്ന പാണ്ടകൾ എന്ന റെക്കോഡും ഇവർക്കായി.
ദോഹയിൽനിന്ന് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പുതു വാസസ്ഥലമായ അൽഖോർ പാർക്കിലേക്കുള്ള യാത്ര. ശീതീകരിച്ച്, പച്ചപ്പോടെ പ്രത്യേകം സജ്ജമാക്കിയ പുതിയ കേന്ദ്രത്തിൽ വൻ സ്വീകരണമായിരുന്നു ഒരുക്കിയത്. ഖത്തറിലെ ചൈനീസ് അംബാസഡർ ഴു ജിയാൻ, നഗരസഭ മന്ത്രാലയം പൊതു പാർക്ക് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ഖൗറി തുടങ്ങിയവരും സ്വീകരിക്കാനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.