സാവോപോളോ: സ്പെയിനിലും ഫ്രാൻസിലും സൗദിയിലും കളംവാണ സൂപ്പർതാരം സ്വന്തം മണ്ണിലെത്തിയപ്പോൾ കാത്തിരുന്നത് ക്ലബ് ചരിത്രത്തിലെ നാണംകെട്ട തോൽവിയെന്ന റെക്കോഡ്. സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലിൽ നിന്നും കഴിഞ്ഞ ജൂണിൽ നാട്ടിലെ ക്ലബായ സാന്റോസിലേക്ക് കൂടുമാറിയ നെയ്മർ ബ്രസീലിയൻ സീരി ‘എ’ ചാമ്പ്യൻഷിപ്പിൽ വാസ്കോ ഡ ഗാമക്കെതിരെ കളത്തിലിറങ്ങിയപ്പോഴാണ് മറുപടിയില്ലാത്ത ആറ് ഗോൾ എന്ന നാണംകെട്ട തോൽവി വഴങ്ങിയത്. ദേശീയ ടീമിലെ മുൻ സഹതാരം ഫിലിപ് കുടീന്യോ ഇരട്ടഗോളുമായി നയിച്ച വാസ്കോ രണ്ടാം പകുതിയിൽ ഗോൾ ആറാട്ട് തീർത്തപ്പോൾ ഒരു തവണ പോലും മറുപടി നൽകാൻ കഴിയാതെ നെയ്മറിന്റെ സന്റോസ് പതറി.
കളിയുടെ ഒന്നാം പകുതിയിൽ ഒരു ഗോളിന് മാത്രമായിരുന്നു വാസ്കോയുടെ ലീഡ്. 18ാം മിനിറ്റിൽ ലൂകാസ് പിറ്റോണിന്റെ വകയായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 15 മിനിറ്റിനുള്ളിൽ പിറന്നത് അഞ്ചു ഗോളുകൾ. 52ാം മിനിറ്റിൽ തന്നെ വാസ്കോ ഗോൾവേട്ടയുടെ കെട്ടഴിച്ചുവിട്ടു. ബ്രസീലുകാരനായ ഡേവിഡ് വകയായിരുന്നു ഗോൾ. പിന്നാലെ, ഫിലിപ് കുടീന്യോ 54, 62 മിനിറ്റുകളിലായി ലക്ഷ്യം കണ്ടു. ഒരു പെനാൽറ്റി ഗോളും, മറ്റൊരു ബ്രസീൽ താരം ടിചെ ടിചെയിലൂടെ ആറാം ഗോളും പിറന്നതോടെ സാന്റോസ് തകർന്നടിഞ്ഞു.
കളി അവസാനിപ്പിച്ചുകൊണ്ട് ലോങ് വിസിൽ ഉയർന്നതിനു പിന്നാലെയാണ് കളത്തിനു മധ്യത്തിൽ ആരാധകരുടെ കരളലിയിക്കുന്ന ആ കാഴ്ച കണ്ടത്. കളത്തിനു മധ്യത്തിൽ മുഖം താഴ്ത്തി ഇരുന്ന നെയ്മറിനെ സഹതാരങ്ങൾ ആശ്വസിപ്പിക്കാനെത്തുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ തെളിഞ്ഞു. കോച്ചിനെ ദീർഘനേരം പുണർന്ന ശേഷം, കണ്ണീരടങ്ങാത്ത മുഖം പൊത്തികൊണ്ട് നെയ്മർ കളം വിടുന്ന കാഴ്ച ഒന്നരപതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏറെ ത്രസിപ്പിക്കുന്ന മുഹൂർത്തം സമ്മാനിച്ച താരത്തിന്റെ വേദനിക്കുന്ന ദൃശ്യമായി മാറി.
18 മത്സരം പിന്നിട്ട ബ്രസീൽ സീരി എ ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിലുള്ള ടീമാണ് വാസ്കോ. തുടർച്ചായായ തോൽവികൾക്കൊടുവിലാണ് അവർ വിജയം വരിച്ചതെങ്കിൽ മികച്ച ജയവുമായി തരംതാഴ്ത്തൽ ഭീതി മാറി മുന്നേറുന്നതിനിടെയാണ് സാന്റോസിനെ തേടി നാണംകെട്ട തോൽവിയെത്തുന്നത്. 19 മത്സരത്തിൽ 21 പോയന്റുമായി സാന്റോസ് 15ഉം, 18 മത്സരങ്ങളിൽ 19 പോയന്റുമായി വാസ്കോ 16ഉം സ്ഥാനങ്ങളിലാണിപ്പോൾ.
നെയ്മറിന്റെ ക്ലബ് കരിയറിലെ തന്നെ ഏറ്റവും വലിയ തോൽവികളിലൊന്നായാണ് ഫുട്ബാൾ ലോകം വാസ്കോയോടേറ്റ പ്രഹരത്തെ വിശേഷിപ്പിക്കുന്നത്.
ടീമിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തിയെന്നും, ഇത്തരമൊരു തോൽവി തന്റെ കരിയറിലുണ്ടായിട്ടില്ലെന്നും മത്സര ശേഷം താരം പ്രതികരിച്ചു.
‘ഈ തേൽവിയിൽ എനിക്കും നാണക്കേട് തോന്നുന്നു. ടീം പ്രകടനത്തിൽ പൂർണ്ണമായും നിരാശനാണ്. അക്രമ മാർഗത്തിലല്ലാതെ ആരാധകർക്ക് പ്രതിഷേധിക്കാൻ അവകാശവുമുണ്ട്. അവരുടെ ഏതൊരു പ്രതിഷേധത്തിനും ഞങ്ങൾ അർഹരാണ്’ -താരം പറഞ്ഞു.
നെയ്മറിന്റെ വൻ തോൽവികൾ
നെയ്മറിന്റെ തോൽവി എണ്ണുമ്പോൾ 2014 ലോകകപ്പ് സെമിയിൽ ബ്രസീലിന് ജർമനിയോടേറ്റ 7-1ന്റെ തോൽവിയാകും ഓർമയിലെത്തുന്നത്. എന്നാൽ, ക്വാർട്ടറിൽ കൊളംബിയക്കെതിരായ മത്സരത്തിനിടയിലേറ്റ പരിക്കു കാരണം ആ സെമിയിൽ നെയ്മർ കളിച്ചിരുന്നില്ല. അതിനാൽ സാങ്കേതികമായി നെയ്മറിന് ഈ തോൽവി ഭാരത്തിൽ നിന്ന് രക്ഷപ്പെടാം.
ക്ലബ് കുപ്പായത്തിൽ താരത്തിന്റെ ഏറ്റവും വലിയ തോൽവിയാണ് ഇന്നലെ ബാല്യകാല ക്ലബിനൊപ്പം ഏറ്റുവാങ്ങിയത്. 2011 ഫിഫ ക്ലബ് ലോകകപ്പിൽ സാന്റോസിനു വേണ്ടി കളിക്കവെയായിരുന്നു നെയ്മറിനെ ഏറ്റവും വേദനിപ്പിച്ച ആദ്യതോൽവി. 4-0ന് ബാഴ്സലോണക്കെതിരെ ഏറ്റവും വലിയ തോൽവി വഴങ്ങിയത്. അഞ്ചുവർഷത്തിനു ശേഷം, ഇതേ സ്കോറിന് ബാഴ്സലോണയിൽ കളിക്കവെ പി.എസ്.ജിയോടും വഴങ്ങി. എന്നാൽ, 6-0 എന്നത് നെയ്മറിന്റെ കരിയറിലെ വൻ തോൽവിയായി മാറി.
കോച്ചിനെ പുറത്താക്കി സാന്റോസ്
സാന്റോസ് തോൽവിയുടെ ആഘാതം ആരാധകരുടെ അക്രമങ്ങളിലും നെയ്മറിന്റെ കണ്ണീരിലും മാത്രം ഒതുങ്ങിയില്ല. കോച്ച് െക്ലബർ സേവ്യറിനെ പുറത്താക്കുകയും ചെയ്തു. ടിറ്റെയുടെ സഹായിയായി ദേശീയ ടീമിൽ പ്രവർത്തിച്ച െക്ലബർ കഴിഞ്ഞ ഏപ്രിലിലാണ് സാന്റോസ് പരിശീലകനായി സ്ഥാനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.