നെയ്മർ ഈസ് ബാക്ക്! അർജന്‍റീന, കൊളംബിയ ടീമുകൾക്കെതിരെ ബ്രസീലിനായി കളത്തിലിറങ്ങും

ഒന്നര വർഷത്തെ ഇടവേളക്കുശേഷം സൂപ്പർതാരം നെയ്മർ ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തുന്നു. ഈമാസം അർജന്‍റീന, കൊളംബിയ ടീമുകൾക്കെതിരായ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 23 അംഗ ബ്രസീൽ ടീമിലാണ് നെയ്മറും ഇടംനേടിയത്.

2023 ഒക്ടോബറിൽ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. പരിശീലകൻ ഡൊറിവാൾ ജൂനിയർ 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മാർച്ച് 21ന് ബ്രസീലിയയിൽ കൊളംബിയയെ നേരിടുന്ന ബ്രസീൽ, 25ന് ബ്യൂണസ് ഐറിസിൽ ലയണൽ മെസ്സിയുടെ അർജന്‍റീനയുമായി ഏറ്റുമുട്ടും.

നിലവിൽ സാന്‍റോസ് ക്ലബിനൊപ്പമാണ് താരം. കരിയറിലുടനീളം പരിക്ക് വിടാതെ പിന്തുടർന്ന നെയ്മർ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്നാണ് സൗദിയിലെ അൽ-ഹിലാൽ ക്ലബിലെത്തുന്നത്. എന്നാല്‍ പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് അല്‍ ഹിലാല്‍ ജഴ്‌സിയില്‍ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് തന്റെ ബാല്യകാല ക്ലബായ ബ്രസീലിലെ സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മർ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തപ്പിത്തടയുകയാണ് ടീം. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 18 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.

ബ്രസീൽ സ്ക്വാഡ്

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്‍റോ (അൽ-നസർ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി)

പ്രതിരോധ താരങ്ങൾ: വാൻഡേഴ്സൺ (മൊണാക്കോ), വെസ്ലി, ലിയോ ഓർട്ടിസ്, ഡാനിലോ (ഫ്ലെമിംഗോ), ഗബ്രിയേൽ മഗൽഹെസ് (ആഴ്സനൽ), മാർക്വിനോസ് (പി.എസ്.ജി), മുറില്ലോ (നോട്ടിങ്ഹാം ഫോറസ്റ്റ്), ഗിൽഹെം അരാന (അത്ലറ്റിക്കോ മിനെറോ).

മധ്യനിര താരങ്ങൾ: ആൻഡ്രി (വോൾവർഹാംപ്ടൺ), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഗെർസൺ (ഫ്ലമെംഗോ), ജോലിന്‍റൺ (ന്യൂകാസിൽ), നെയ്മർ (സാന്‍റോസ്).

മുന്നേറ്റ താരങ്ങൾ: എസ്താവോ (പാൽമീറസ്), ജോവോ പെഡ്രോ (ബ്രൈറ്റൺ), റാഫിഞ്ഞ (ബാഴ്സലോണ), റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്), സാവിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി), മാത്യൂസ് കുൻഹ (വോൾവർഹാംപ്ടൺ).

Tags:    
News Summary - Neymar back for Brazil, available for FIFA World Cup 2026 qualifiers against Argentina, Colombia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.