എം.​എ​സ്.​സി വേ​ൾ​ഡ്​ യൂ​റോ​പ ക്രൂ​സ്​ ക​പ്പ​ലി​ന്റെ മു​ക​ൾ​ത​ട്ടി​ന്റെ ദൃ​ശ്യം

തീരത്തിന് തിലകമായി 'കടൽകൊട്ടാര'മെത്തി

ദോഹ: ഫ്രാൻസിലെ സെന്റ് നസയർ ഹാർബറിലെ ഷിപ്പ്‍യാർഡിൽനിന്ന് പുറപ്പെട്ട 'കടൽകൊട്ടാരം'ദോഹയുടെ തീരത്ത് രാജകീയമായിതന്നെ നങ്കൂരമിട്ടു. ലോകകപ്പ് ഫുട്ബാൾ ആരവങ്ങളെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിലേക്ക് ആരാധകസഞ്ചാരം സജീവമായതിനു പിന്നാലെയാണ് വ്യാഴാഴ്ചയോടെ ഹമദ് തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനലിൽ ഭീമൻ ആഡംബര കപ്പലായ എം.എസ്.സി യൂറോപയെത്തിയത്.

22 നിലയിൽ 333 മീറ്റർ നീളവും 68 മീറ്റർ ഉയരവുമായി ബഹുനില കെട്ടിടത്തിന്റെ തലയെടുപ്പോടെ കടലോളങ്ങൾ താണ്ടിയെത്തിയ കൊട്ടാരത്തെ അകമ്പടി ബോട്ടുകൾ പുറംകടലിൽനിന്നും സ്വീകരിച്ചാണ് ലോകകപ്പ് നഗരിയുടെ തീരത്തേക്ക് ആനയിച്ചത്.

6700 പേർക്ക് താമസ സൗകര്യമൊരുക്കുന്ന ക്രൂസ് കപ്പലിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. അന്താരാഷ്ട്ര പ്രശസ്തരായ ക്രൂസ് കപ്പൽ കമ്പനിയായ എം.എസ്.സിയുടെ പുതിയ കപ്പലാണ് യൂറോപ വേൾഡ്. നിർമാണങ്ങളെല്ലാം കഴിഞ്ഞ് ഒരാഴ്ച മുമ്പ് നീറ്റിലിറക്കിയ കപ്പലിന്റെആദ്യ ഡ്യൂട്ടികൂടിയാണ് ലോകകപ്പ് ഫുട്ബാൾ കാണികൾക്കുള്ള താമസസൗകര്യം.

ദ്രവീകൃത പ്രകൃതിവാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ വലിയ ക്രൂസ് കപ്പൽ എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ആറ് വിശാലമായ നീന്തൽകുളങ്ങള്‍, 14 വേൾപൂള്‍, തെർമൽ ബാത്ത്, ബ്യൂട്ടി സലൂൺ, ജിം, വെല്‍നെസ് സെന്റര്‍, സ്പാ... ഇങ്ങനെ പോകുന്നു സൗകര്യങ്ങള്‍. വിനോദവും സുരക്ഷിതമായ താമസവും ഒരുക്കുന്നതാണ് ക്രൂസ് കപ്പൽ. ദോഹ വെസ്റ്റ് ബേ ഗ്രാൻഡ് ടെർമിനലിലാണ് നങ്കൂരമിട്ടത്.

Tags:    
News Summary - MSC World cruise ship arrived in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.