ചരിത്ര കുതിപ്പ് തുടർന്ന് മൊറോക്കോ; ആഫ്രിക്കൻ കരുത്തിനു മുന്നിൽ ബ്രസീലും വീണു (1-2) -വിഡിയോ

ഖത്തർ ലോകകപ്പിലെ ചരിത്രകുതിപ്പ് തുടർന്ന് അറ്റ്ലസ് ലയൺ. സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോക്ക് മുന്നിൽ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും വീണു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകൾ മഞ്ഞപ്പടയെ തോൽപ്പിച്ചത്.

മൊറോക്കോ ചരിത്രത്തിലാദ്യമായാണ് ബ്രസീലിനെ പരാജയപ്പെടുത്തുന്നത്. സുഫിയാൻ ബൗഫൽ (29ാം മിനിറ്റിൽ), അബ്ദുൽ ഹമീദ് സബീരി (79ാം മിനിറ്റിൽ) എന്നിവർ മൊറോക്കോക്കു വേണ്ടി ഗോളുകൾ നേടി. നായകൻ കാസെമിറോയുടെ (67ാം മിനിറ്റൽ) വകയായിരുന്നു മഞ്ഞപ്പടയുടെ ആശ്വാസ ഗോൾ. സ്വന്തം തട്ടകമായ തുഞ്ചയിലെ ഇബ്ൻ ബത്തൂത്ത സ്‌റ്റേഡിയത്തിൽ 65,000ത്തിലധികം കാണികൾക്കു മുന്നിൽ ബ്രസീലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച അവർ സ്വതസിദ്ധമായ ശൈലിയിലാണ് പന്തു തട്ടിയത്.

ലോകകപ്പിൽ നിർത്തിയിടത്തു നിന്ന് തുടങ്ങിയ മൊറോക്കോയുടെ പ്രത്യാക്രമണങ്ങളും പ്രഷർ ഗെയിമും എതിർ ഗോൾമുഖം പലപ്പോഴും വിറപ്പിച്ചു. താൽക്കാലിക മാനേജർ റമോൺ മെനസസിന്റെ കീഴിൽ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ബ്രസീലിന്‍റേത്. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തിൽ റയൽ മഡ്രിഡ് താരം റോഡ്രിഗോ ആണ് പത്താം നമ്പർ ജഴ്‌സിയണിഞ്ഞത്. എഡേഴ്‌സണു പകരം വെവർട്ടൻ വലകാത്തു. അതേസമയം, ലോകകപ്പിലെ മിന്നും താരങ്ങളിൽ മിക്കവരെയും ഉൾപ്പെടുത്തിയാണ് വലീദ് റഗ്‌റാഗി അഫ്രിക്കൻ സംഘത്തെ കളത്തിലിറക്കിയത്.

ഇരുവശത്തും അവസരങ്ങൾ പിറന്ന് കളി ആവേശകരമായി മുന്നേറെ 29ാം മിനിറ്റിൽ ബൗഫലിലൂടെ മൊറോക്കോ ലീഡെടുത്തു. ഇടതുഭാഗത്തുനിന്ന് ബിലാൽ എൽ ഖന്നൂസ് പോസ്റ്റിനു സമാന്തരമായി നൽകിയ പന്ത് സ്വീകരിച്ച ബൗഫൽ, വെട്ടിത്തിരിഞ്ഞ്  തൊടുത്ത ഷോട്ട് ബ്രസീൽ കീപ്പർ വെവർട്ടനെയും കാഴ്ചക്കാരനാക്കി വലയിലെത്തി. അതിവേഗ പ്രത്യാക്രമണങ്ങൾ നടത്തിയ മൊറോക്കോ അവസരങ്ങളുണ്ടാക്കിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കുമ്പോൾ മൊറോക്കോ ഒരു ഗോളിനു മുന്നിൽ.

സമനില ഗോളിനായുള്ള ബ്രസീലിന്റെ ശ്രമങ്ങൾ ഫലം കണ്ടത് 67ാം മിനിറ്റിലൽ. അംറബാത്തിന്റെ പാസ് പിടിച്ചെടുത്ത് ലൂകാസ് പാക്വേറ്റ നൽകിയ പന്ത് ബോക്‌സിനു പുറത്തുനിന്ന് കിടിലൻ ഷോട്ടിലൂടെ കസെമിറോ വലയിലാക്കി. ഗോളിയുടെ കൈയിൽ തട്ടിയാണ് പന്ത് വലയിൽ കയറിയത്. 78ാം മിനിറ്റിൽ മൊറോക്കോയുടെ മറ്റൊരു പ്രസ്സിങ് ഗെയിമിലാണ് വിജയ ഗോൾ പിറന്നത്. ബോക്‌സിൽനിന്ന് ക്ലിയർ ചെയ്യപ്പെട്ട പന്ത് തട്ടിയെടുത്ത യഹിയ അതിയത്തല്ലാഹ് ഇടതുഭാഗത്തുനിന്ന് വാലിക് ഷദിറക്ക് ക്രോസ് നൽകി. താരത്തിന്‍റെ കാലിൽ തട്ടിയ പന്ത് നേരെ എത്തിയത് സബീരിയുടെ മുന്നിൽ. ക്ലോസ് റേഞ്ചിൽനിന്നുള്ള താരത്തിന്‍റെ വോളിക്കു മുന്നിൽ വെവർട്ടൻ നിസ്സഹായനായിരുന്നു.

പന്തടക്കത്തിലും ഷോട്ട് ഉതിർക്കുന്നതിലും ബ്രസീലിനായിരുന്നു മുൻതൂക്കം. എന്നാൽ, കൂട്ടത്തോടെയുള്ള മൊറോക്കൻ സംഘത്തിന്‍റെ ആക്രമണത്തിൽ ബ്രസീൽ സംഘം വട്ടംകറങ്ങുന്നതാണ് കണ്ടത്. വിങ്ങർ വിനീഷ്യസ് ജൂനിയറിനെ പിടിച്ചുകെട്ടുന്നതിലും ആഫ്രിക്കൻ സംഘം വിജയിച്ചു.

Tags:    
News Summary - Morocco continue to make history; first-ever win over Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.