സലാഹിന്‍റെ തോളിലേറി ഈജിപ്ത് ലോകകപ്പിന്; ജിബൂട്ടിയെ 3-0ന് തകർത്തു; ഘാന കാത്തിരിക്കണം

റബാത്ത് (മൊറോക്കോ): 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി ആഫ്രിക്കൻ കരുത്തരായ ഈജിപ്ത്. ആഫ്രിക്കൻ മേഖല ഗ്രൂപ്പ് എയിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് ഈജിപ്ത് യോഗ്യത ഉറപ്പിച്ചത്.

ടുണീഷ്യയും മൊറോക്കോയും നേരത്തെ യോഗ്യത നേടിയിരുന്നു. സെനഗാൾ, അൾജീരിയ, ഘാന ടീമുകളും യോഗ്യതക്ക് അരികിലാണ്. മൊറോക്കോയിലെ കാസബ്ലാങ്കയിൽ നടന്ന മത്സരത്തിൽ ജിബൂട്ടിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഈജിപ്ത് തകർത്തത്. സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ട ഗോളുമായി തിളങ്ങി. ഇബ്രാഹിം അദെലാണ് മറ്റൊരു ഗോൾ നേടിയത്. ഹൊസ്സൻ ഹസ്സന്‍റെ സംഘത്തിന് ഗ്രൂപ്പിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. എട്ടാം മിനിറ്റിൽ തന്നെ ഇബ്രാഹിമിലൂടെ ഈജിപ്ത് ലീഡെടുത്തു. സിസോ നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ താരം വലയിലാക്കി. ആറു മിനിറ്റിനുള്ളിൽ സലാഹ് ലീഡ് ഇരട്ടിയാക്കി.

ഡേവിഡ് ട്രെസെഗെ നൽകിയ ത്രൂ ബാളാണ് ഗോളിന് വഴിയൊരുക്കിയത്. 2-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്. ലിവർപൂളിനൊപ്പം സീസണിൽ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന സലാഹ് നിശ്ചിത സമയം അവസാനിക്കാൻ ആറു മിനിറ്റ് മാത്രം ബാക്കി നിൽക്കെ (84ാം മിനിറ്റിൽ) വീണ്ടും വലകുലുക്കി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ 3-0 എന്ന സ്കോറിൽ ഈജിപ്ത് ലോകകപ്പിന് ടിക്കറ്റെടുത്തു. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഏഴാം തവണയും കിരീടം നേടി റെക്കോഡിട്ട ഈജിപ്തിന് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ആ ഫോം തുടരാനായിരുന്നില്ല.

ഗ്രൂപ്പ് ഐയിൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തകർത്തെങ്കിലും ഘാന യോഗ്യതക്കായി ഇനിയും കാത്തിരിക്കണം. ഒരു മത്സരം ബാക്കി നിൽക്കെ യോഗ്യതക്കായി ഒരു പോയന്‍റാണ് ഘാനക്കുവേണ്ടത്. മുഹമ്മദ് സലിസു (20ാം മിനിറ്റിൽ), തോമസ് പാർറ്റി (52), അലക്സാണ്ടർ ജികു (69), ജോർഡൻ അയ്യൂ (71), കമൽദീൻ സുലെമാന (87) എന്നിവരാണ് ഘാനക്കായി ഗോൾ നേടിയത്.

ഞായറാഴ്ച കൊമോറോസിനെതിരെയാണ് ഘാനയുടെ അവസാന റൗണ്ട് മത്സരം. മത്സരത്തിൽ തോറ്റാലും ഗോൾ വ്യത്യാസത്തിൽ ഘാനക്ക് യോഗ്യതക്ക് സാധ്യതയുണ്ട്. അടുത്ത വർഷം അമേരിക്കയിലും കനഡയിലും മെക്‌സിക്കോയിലുമായാണ് ലോകകപ്പ് നടക്കുന്നത്.

Tags:    
News Summary - Mohamed Salah scored twice as Egypt qualifed for the 2026 Fifa World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.