40 വയസ്സുവരെ കളിക്കും, ഭാവിയിൽ സൗദി ലീഗിലേക്കെന്നും ഈജിപ്ഷ്യൻ സൂപ്പർ താരം

ലണ്ടൻ: കരിയറിൽ 40 വയസ്സുവരെ ഫുട്ബാൾ കളിക്കുമെന്ന് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. ഭാവിയിൽ സൗദി ലീഗിലേക്ക് കൂടുമാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും ലിവർപൂൾ താരം പറഞ്ഞു.

സീസണിൽ ചെമ്പടയുടെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ സലാഹിന് നിർണായക പങ്കുണ്ടായിരുന്നു. ലീഗിലെ ടോപ് സ്കോററും പ്രീമിയർ ലീഗ് താരവുമായി. 29 ഗോളുകളും 18 അസിസ്റ്റുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ലിവർപൂളുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കെ താരം സൗദി പ്രോ ലീഗിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വമ്പൻ ഓഫറുകളുമായി സൗദി ക്ലബുകൾ താരത്തിനു പുറകിലുണ്ടായിരുന്നു.

കഴിഞ്ഞ മാസമാണ് ക്ലബുമായി താരം പുതിയ കരാറിലെത്തിയത്. മനസ്സ് പറയുമ്പോൾ കളി അവസാനിപ്പിക്കുമെന്ന് ഈജിപ്ഷ്യൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സലാഹ് പറഞ്ഞു. ‘എന്നോട് അഭിപ്രായം ചോദിച്ചാൽ, 39-40 വയസ്സുവരെ കളിക്കുമെന്ന് പറയും, പക്ഷേ അതിനുമുമ്പ് നിർത്തണമെന്ന് മനസ്സ് പറഞ്ഞാൽ അവസാനിപ്പിക്കും. ഒരുപാട് കാര്യങ്ങൾ നേടി’ -താരം വ്യക്തമാക്കി. ലിവർപൂളുമായുള്ള കരാർ കാലാവധി അവസാനിച്ചതിനു പിന്നാലെ സൗദിയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ക്ലബ് കരാർ പുതുക്കിയെന്നും താരം കൂട്ടിച്ചേർത്തു. ലിവർപൂളിനും ചെൽസിക്കുമായി പ്രീമിയർ ലീഗിൽ 186 ഗോളുകളാണ് സലാഹ് അടിച്ചുകൂട്ടിയത്.

ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർമാരിൽ അഞ്ചാമതാണ്. 2027ൽ ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്നതോടെ മിഡിൽ ഈസ്റ്റിൽ കളിക്കുമെന്നും താരം സൂചന നൽകി. അവരുമായി നിലവിൽ നല്ല ബന്ധമാണ്, അത് തുടരും, ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല. നിലവിൽ ലിവർപൂളിൽ സന്തോഷവാനാണ്. അടുത്ത രണ്ടു വർഷം ഇവിടെ തുടരും. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും താരം പ്രതികരിച്ചു.

Tags:    
News Summary - Mohamed Salah says he can play until he is 40 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.