കൊച്ചി: ഇതിഹാസ താരം ലയണൽ മെസ്സിയും അർജൻറീന ഫുട്ബാൾ താരങ്ങളും കേരളത്തിലേക്ക് തത്കാലം ഇല്ലെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സ്റ്റേഡിയം നവീകരണത്തെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. 70 കോടി മുടക്കി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത മെസ്സി സന്ദർശനത്തിന്‍റെ മുഖ്യ സ്പോൺസറുടെ താൽപര്യമാണ് പലരും ചോദ്യം ചെയ്യുന്നത്.
ഇതിനിടെ സ്റ്റേഡിയം നവീകരിച്ചാൽ മെസ്സി പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരം കഴിഞ്ഞും സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് അവകാശം തരണമെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ജി.സി.ഡി.എ നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ, ആ ആവശ്യം അന്നേ തള്ളുകയായിരുന്നു സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ. വീണ്ടും മത്സരം കൊണ്ടുവന്നാൽ പരിഗണന നൽകാമെന്നാണ് അന്ന് സ്പോൺസറെ അറിയിച്ചതെന്നും ജി.സി.ഡി.എ ഭാരവാഹികൾ പറയുന്നു.
കളിക്കുവേണ്ടി നവീകരിക്കാമെന്നല്ലാതെ നടത്തിപ്പിൽ ഒരു പങ്കാളിത്തവും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷന് ഉണ്ടാകില്ലെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ മെസ്സിയും കൂട്ടരും അടുത്തൊന്നും വരില്ലെന്ന് വ്യക്തമായതോടെ നവീകരണവും മുടങ്ങുമോയെന്ന ആശങ്കയിലാണ് കായികപ്രേമികൾ. നിലവിൽ അനിശ്ചിതത്വത്തിലാണെങ്കിലും ഈ സീസണിലെ ഐ.എസ്.എൽ ഉൾപ്പെടെ മത്സരങ്ങൾ നടക്കാനുള്ള വേദിയാണ് കലൂർ സ്റ്റേഡിയം.
നവംബറിലെ വിൻഡോയിൽ കേരളത്തിലേക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതോടെ മത്സരം മാറ്റിവെച്ചത് സ്ഥിരീകരിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിനും രംഗത്ത് വന്നു.
ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണയായെന്നും, അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെയാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ നവംബറിലെ മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 14ന് അംഗോളക്കെതിരെ മാത്രമാണ് കളിക്കുന്നത്.
നവംബർ 17ന് കൊച്ചിയിൽ കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നവംബറിൽ സ്പെയിനിലേക്കാവും അർജന്റീന ആദ്യം പോവുക.
സ്പെയിനിൽ അർജന്റീനക്ക് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയിൽ വെച്ച് സൗഹൃദമത്സരം കളിക്കും. ശേഷം സ്പെയിനിലേക്ക് തിരിച്ചെത്തുന്ന അർജന്റീന നവംബർ 18 വരെ പരിശീലനം തുടരും. നവംബർ 18 വരെയാണ് സൗഹൃദമത്സരങ്ങൾക്കായി ഫിഫയുടെ വിൻഡോയുള്ളത്.
അർജന്റീനയുടെ എതിരാളിയായി കേരളത്തിൽ കളിക്കുമെന്ന് പ്രഖ്യാപിച്ച ആസ്ട്രേലിയയും നവംബർ ഫിഫ വിൻഡോയിലെ ഷെഡ്യുളുകൾ പ്രഖ്യാപിച്ചു. നവംബറിൽ മത്സരങ്ങൾക്കായി ആസ്ട്രേലിയ യു.എസിലേക്കാവും പറക്കുക. വെനസ്വേലക്കെതിരെ നവംബർ 14നാണ് ആസ്ട്രേലിയയുടെ ആദ്യമത്സരം. നവംബർ 18ന് കൊളംബിയക്കെതിരെയാണ് രണ്ടാം മത്സരം.
നവംബർ 18 വരെയുള്ള ഫിഫ വിൻഡോക്ക് ശേഷം ഈ വർഷം അന്താരാഷ്ട്ര മത്സര ഷെഡ്യുളുകളില്ല. 2026 മാർച്ച് 23 മുതൽ 31 വരെയും, ലോകകപ്പിന് മുന്നോടിയായി ജൂൺ ഒന്ന് മുതൽ ഒമ്പത് വരെയുമാണ് ഇനിയുള്ള വിൻഡോകൾ. മാർച്ചിൽ ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും തമ്മിൽ മത്സരമുണ്ട്. ലോകകപ്പിന് മുമ്പായി പ്രധാന സന്നാഹ മത്സരങ്ങളും ടീം കളിക്കും. സാങ്കേതികമായി ഇതിനിടയിൽ ഇന്ത്യയിലേക്കൊരു സൗഹൃദ മത്സര സാധ്യത കുറവാണെന്ന് ഫുട്ബാൾ നിരീക്ഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.