ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയോട് വിവാഹാഭ്യർഥനയുമായി 98 വയസ്സുള്ള മുത്തശ്ശി! ഫിഫ ക്ലബ് ലോകകപ്പിൽ ബ്രസീൽ ക്ലബ് പാൽമിറാസും മെസ്സിയുടെ ഇന്റർ മയാമിയും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
മത്സരം തുടങ്ങുന്നിതിന് മുമ്പായി മെസ്സി താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെ ഗാലറിയിലുണ്ടായിരുന്ന പൗളിനെ കാന എന്ന വയോധിക ‘മെസ്സി എന്നെ വിവാഹം കഴിക്കുമോ’ എന്ന പ്ലക്കാർഡ് താരത്തിനുനേരെ ഉയർത്തിക്കാട്ടുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട താരം, ചിരിച്ചുകൊണ്ട് പൗളിനെക്കു നേരെ കൈ കാണിക്കുന്നുണ്ട്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സമൂഹമാധ്യമങ്ങളിൽ പൗളിനെ ഏറെ സജീവമാണ്. പേരക്കുട്ടി റോസ് സ്മിത്തിനൊപ്പം കായിക മത്സരങ്ങൾ കാണനെത്തുന്നത് ഇവരുടെ പതിവാണ്. മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഇരുടീമുകളും പ്രീ ക്വാർട്ടറിലെത്തി. തന്‍റെ പഴയ ക്ലബ് പി.എസ്.ജിയാണ് പ്രീ ക്വാർട്ടറിൽ മയാമിയുടെ എതിരാളികൾ.
കളി അവസാനിക്കാൻ പത്തു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, രണ്ടു ഗോളിനു മുന്നിൽനിന്നശേഷമാണ് മയാമി സമനില വഴങ്ങിയത്. ഏഴു മിനിറ്റിനുള്ളിൽ രണ്ടു ഗോളുകളാണ് മയാമിയുടെ വലയിൽ വീണത്. ടഡിയോ അല്ലെന്‍ഡെ, ലൂയിസ് സുവാരസ് എന്നിവരാണ് മയാമിക്കായി വലകുലുക്കിയത്. പൗളിഞ്ഞോ, മൗറിസിയോ എന്നിവരുടെ വകയായിരുന്നു പാല്‍മിറാസിന്റെ ഗോളുകൾ. ബ്രസീലിയന്‍ ക്ലബിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 22 ഷോട്ടുകളാണ് പാല്‍മിറാസ് ഗോളിലോക്ക് തൊടുത്തത്.
ഗോള്‍കീപ്പര്‍ ഓസ്‌കര്‍ ഉസ്താരിയുടെ പ്രകടനമാണ് മയാമിയെ രക്ഷിച്ചത്. മത്സരത്തിന്‍റെ 16ാം മിനിറ്റിൽ പാല്‍മിറാസ് പ്രതിരോധത്തിലെ വീഴ്ച മുതലെടുത്താണ് അല്ലെന്‍ഡെ മയാമിക്ക് ലീഡ് നേടികൊടുത്തത്. ഗോൾ മടക്കാനുള്ള പാൽമിറാസിന്‍റെ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ യുറുഗ്വായ് താരം സുവാരസിലൂടെ മയാമി ലീഡ് വർധിപ്പിച്ചു.
മയാമി മത്സരം ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് പാൽമിറാസിന്‍റെ രാജകീയ തിരിച്ചുവരവ്. 80ാം മിനിറ്റിൽ പൗളിഞ്ഞോ ആദ്യ വെടിപൊട്ടിച്ചു. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മൗറിസിയോ ടീമിന്‍റെ സമനില ഗോളും നേടി. ഒടുവിൽ 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. പാർമിറാസിന് എതിരാളികൾ ബോട്ടാഫോഗോയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.