മെസ്സി അഭിമുഖത്തിനിടെ
ബ്വേനസ് ഐയ്റിസ്: കളത്തിൽ ഗോളടിച്ചും, ആവശ്യം വന്നാൽ എതിരാളികളോട് കൊമ്പുകോർത്തും നിറഞ്ഞാടുന്ന ലയണൽ മെസ്സി കളത്തിന് പുറത്ത് മറ്റൊരു രൂപമാണ്. വിനയവും സൗമ്യമായ വാക്കുകളും, എളിമയുള്ള പെരുമാറ്റവുമാണ് മൈതാനത്തിന് പുറത്തെ മെസ്സിയുടെ മുഖമുദ്ര. പൊതുവെ സംസാരിക്കാൻ മടിയനായ താരം അഭിമുഖങ്ങൾക്ക് പിടികൊടുക്കാറുമില്ല. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ഒരു അഭിമുഖത്തിൽ നിന്നുള്ള ഏതാനും നിമിഷങ്ങളാണ്.
അർജന്റീനയിലെ ലുസു ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കളിയും ജീവിതവുമല്ലാത്ത ചോദ്യങ്ങളിലേക്ക് അഭിമുഖക്കാർ കടന്നപ്പോൾ മെസ്സിയുടെ രൂപം മാറി. അഭിമുഖത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും, മെസ്സി കടുത്ത വാക്കുകളിലൂടെ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ ചാനൽ തന്നെ പങ്കുവെച്ചു.
അഭിമുഖം പുരോഗമിക്കുന്നതിനിടെ ലൈംഗിക ജീവിതത്തെ കുറിച്ചുള്ള ചോദ്യമായിരുന്നു താരത്തെ പ്രകോപിപ്പിച്ചത്. ‘ഇനി നമുക്ക് ലൈംഗിക ജീവിതത്തെ കുറിച്ച് സംസാരിക്കാം...’ എന്നായിരുന്നു ചോദ്യം.
ചോദ്യത്തിനു പിന്നാലെ രൂക്ഷമായി ഒരു നിമിഷം നോക്കിയ ശേഷം, മെസ്സി പതിഞ്ഞ ശബ്ദത്തിൽ കടുത്ത വാക്കിലൂടെ തന്നെ മറുപടി നൽകി.
‘നിർത്തൂ. കാര്യമായിട്ടാണോ? ഇത്തരം അസംബന്ധങ്ങളെക്കുറിച്ചാണോ നമ്മൾ സംസാരിക്കാൻ പോകുന്നത്? ഇതിനാണോ നീ ഇവിടെ ഇത്രയും ദൂരം വന്നത്?’.. മെസ്സിയുടെ മറുപടിയിൽ അഭിമുഖക്കാർ പരുങ്ങി.
ലുസ് ടി.വിയുടെ ജനപ്രിയ ഹാസ്യ സ്വഭാവമുള്ള ഷോ ആയ ‘നാഡി ഡൈസ് നാഡ’യിലാണ് മെസ്സി അതിഥിയായെത്തിയത്. എന്നാൽ, മെസ്സിയും ചോദ്യത്തെ തമാശയായാണ് പരിഗണിച്ചതെന്നും, ഷോയുടെ പ്രമോയിലുള്ള ദൃശ്യങ്ങൾമാത്രമാണ് പുറത്തുവന്നതെന്നും സ്പാപാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാലു ദിവസങ്ങളിലായി ഇന്ത്യയിൽ ‘ഗോട് ടൂർ’ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് ലയണൽ മെസ്സി നാട്ടിലേക്ക് മടങ്ങിയത്. 2022 ലോകകപ്പ് കിരീടം ചൂടിയതിന്റെ മൂന്നാം വാർഷികം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ടീമിന്റെ വിജയം പങ്കുവെച്ചുള്ള ചിത്രങ്ങളും മെസ്സി പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.