ഇരട്ടഗോളുമായി തിളങ്ങി മെസ്സിയും എംബാപ്പെയും; ഏഴടിച്ച് പി.എസ്.ജി; മക്കാബി തരിപ്പണം

പാരിസ്: ചാമ്പ്യൻസ് ലീഗില്‍ പി.എസ്.ജിക്ക് തകർപ്പൻ ജയം. ഇരട്ടഗോളുമായി ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും തിളങ്ങിയ മത്സരത്തിൽ ഇസ്രായേൽ ക്ലബ് മക്കാബി ഹൈഫയെ 7-2നാണ് പാരിസ് ക്ലബ് പരാജയപ്പെടുത്തിയത്. ജയത്തോടെ പി.എസ്.ജി പ്രീ-ക്വാർട്ടർ യോഗ്യത നേടി.

ബ്രസീൽ സൂപ്പർതാരം നെയ്മര്‍, സ്പാനിഷ് താരം കാർലോസ് സോളർ എന്നിവരും പി.എസ്.ജിക്കുവേണ്ടി ഗോൾ നേടി. ഒരു ഗോൾ മക്കാബി താരത്തിന്റെ സെല്‍ഫായിരുന്നു. സെനഗാൾ താരം അബ്ദുലെയ് സെക്കാണ് മക്കാബിയുടെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിലുടനീളം കളം നിറഞ്ഞ് കളിച്ച മെസ്സി തന്നെയാണ് പി.എസ്.ജിയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്.

മത്സരത്തിന്റെ 19ാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്ന് എംബാപ്പെ നൽകിയ പന്ത് മെസ്സി വലയിലെത്തിച്ചു. 32ാം മിനിറ്റിൽ എംബാപ്പെ ലീഡ് ഉയർത്തി. 35ാം മിനിറ്റിൽ നെയ്മറുടെ ഗോൾ. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് മെസ്സി.

38ാം മിനിറ്റിൽ സെക്കിലൂടെ മക്കാബിയുടെ ആദ്യ ഗോൾ. 44ാം മിനിറ്റിൽ എംബാപ്പെ നൽകിയ പന്ത് ബോക്സിനു പുറത്ത് നിന്ന് മനോഹരമായ ഷോട്ടിലൂടെ മെസ്സി ലക്ഷ്യത്തിലെത്തിച്ചു.

50ാം മിനിറ്റിൽ സെക്കിന്‍റെ രണ്ടാം ഗോൾ. സ്കോർ 4-2. പിന്നാലെ പി.എസ്.ജി ആക്രമണം കടുപ്പിച്ചു. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 64ാം മിനിറ്റിൽ അഷ്റഫ് ഹക്കീമിയുടെ ഡയഗണൽ പാസിൽ നിന്നു എംബപ്പെയുടെ രണ്ടാംഗോൾ. ഇതോടെ നാലു മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ ഗോൾ നേട്ടം അഞ്ചായി.

67ാം മിനിറ്റിൽ ഗോൾഡ്ബെർഗ് നേടിയ സെൽഫ് ഗോൾ പി.എസ്.ജിയുടെ ലീഡ് ഉയർത്തി. ബോക്സിന്‍റെ ഇടതുവിങ്ങിൽനിന്ന് നെയ്മർ പോസ്റ്റിനു മുന്നിലേക്ക് നൽകിയ പന്ത് ഗോൾഡ്ബെർഗിന്‍റെ കാലിൽതട്ടി വലക്കുള്ളിൽ കയറി. 84ാം മിനിറ്റിൽ മെസ്സിയുടെ അസ്സിസ്റ്റിൽനിന്നു സോളാർ ഗോൾ പട്ടിക തികച്ചു.

ഇതിനിടെ മെസ്സിയുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ജയത്തോടെ അഞ്ചു മത്സരങ്ങളിൽനിന്ന് 11 പോയിന്റാണ് പി.എസ്.ജിക്കുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ യുവന്റസിനെ 4-3ന് തോൽപ്പിച്ച് ബെൻഫിക്ക അവസാന പതിനാറിൽ ഇടം ഉറപ്പിച്ചു. തോൽവിയോടെ 2013നുശേഷം ആദ്യമായി യുവന്റസ് പ്രീ-ക്വാർട്ടർ കാണാതെ പുറത്തായി. ബെൻഫിക്കക് അഞ്ചു മത്സരങ്ങളിൽനിന്ന് 11 പോയിന്‍റുണ്ട്.

യുവന്‍റസിന് അഞ്ചു മത്സരങ്ങളിൽനിന്ന് ഒരു ജയവുമായി മൂന്നു പോയിന്‍റ് മാത്രമാണുള്ളത്.

Tags:    
News Summary - Messi, Neymar and Mbappe smash, PSG beat Maccabi Haifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.