ആവേശമായി മെസ്സിയും നെയ്മറും എംബാപ്പെയും; പി.എസ്.ജി ടീം ദോഹയിൽ

ദോഹ: ഖത്തറിലെ ഫുട്ബാൾ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന മു​ഹൂർത്തമെത്തി. ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപെടുന്ന പാരിസ് സെന്റ് ​ജെർമെയ്ൻ (പി.എസ്.ജി) ടീം ദോഹയുടെ മണ്ണിൽ വിമാനമിറങ്ങി. റിയാദിൽ നാളെ അൽ നസ്ർ-അൽ ഹിലാൽ സംയുക്ത ടീമുമായി പ്രദർശന മത്സരം കളിക്കുന്നതിന്റെ മുന്നോടിയായ പരിശീലനത്തിനാണ് ഫ്രഞ്ച് ക്ലബ് ഖത്തറിലെത്തിയത്.

ഖത്തർ എയർവേസിന്റെ വിമാനത്തിൽ അതിരാവിലെയാണ് ടീം ദോഹയിലെത്തിയത്. എയർപോർട്ടിൽനിന്ന് ടീമംഗങ്ങൾ ​നേരെ താമസസ്ഥലമായ റാഫ്ൾസ് ഹോട്ടൽസിലെത്തി. പിന്നീട് ഖത്തറിലെ ക്ലബ് പാർട്ണർമാർ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ടീം പ​​ങ്കെടുത്തു. സൂപ്പർ താരങ്ങളുടെ സാന്നിധ്യത്തിൽ ആരാധകരും സംഘാടകരുമൊക്കെ ആവേശഭരിതരായിരുന്നു.


ടീമിന്റെ പരിശീലന സെഷൻ ഇന്ന് വൈകീട്ട് 6.30 മുതൽ ഖലീഫ സ്റ്റേഡിയത്തിൽ നടത്തും. 15000 ആരാധകർക്ക് പരിശീലനം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 20 ഖത്തർ റിയാലിന് ടിക്കറ്റുകൾ കഴിഞ്ഞ ദിവസം വിറ്റഴിച്ചിരുന്നു. ഇതിന് പുറമെ കുട്ടികളും മാതാപിതാക്കളുമടക്കം 5,000 പി.എസ്.ജി അക്കാദമി അംഗങ്ങളും 300 പാർട്ണർമാരും പരിശീലനത്തിന് സാക്ഷികളാകാനെത്തും. പരിശീലനത്തിനു​ശേഷം ടീം റിയാദി​ലേക്ക് പറക്കും.

റിയാദ് സീസൺ കപ്പിന്റെ ഭാഗമായി വ്യാഴാഴ്ച കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ പി.എസ്.ജിക്കെതിരെ സൗദി അൽ നസ്ർ, അൽ ഹിലാൽ ക്ലബുകളുടെ താരങ്ങൾ അണിനിരക്കുന്ന സംയുക്ത ടീമിനെ നയിക്കുന്നത് പോർചുഗലിന്റെ സൂപ്പർ സ്ട്രൈക്കർ ​ക്രിസ്റ്റ്യാനോ റൊണാ​ൾ​ഡോയാണ്. ബീൻ സ്​പോർട്സ് നെറ്റ്‍വർക്കും പി.എസ്.ജി ടിവിയും പി.എസ്.ജി സോഷ്യൽ മീഡിയയും തത്സമയം സംപ്രേഷണം ചെയ്യും. ഞായറാഴ്ച ഫ്രഞ്ച് ലീഗിൽ റെനെയോട് തോറ്റതിന് പിന്നാലെയാണ് പി.എസ്.ജി ദോഹയിലെത്തുന്നത്.

Tags:    
News Summary - Messi, Neymar and Mbappe excitedly; PSG team in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.