കച്ചമുറുക്കി യുനൈറ്റഡ്! ബ്രസീൽ സൂപ്പർതാരം ഓൾഡ് ട്രാഫോർഡിൽ, അമോറിമിന്‍റെ ആദ്യ സൈനിങ്; 720.03 കോടിയുടെ കരാർ

മാഞ്ചസ്റ്റർ: തൊട്ടതെല്ലാം പിഴച്ച പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് അടുത്ത സീസണിലേക്കുള്ള തയാറെടുപ്പ് തുടങ്ങി.

ബ്രസീലിന്‍റെ മുന്നേറ്റതാരം മാത്യുസ് കുൻഹയെ ഓൾഡ് ട്രാഫോർഡിൽ എത്തിച്ചു. പരിശീലകൻ റൂബൻ അമോറിമിന്‍റെ ആദ്യ സൈനിങ്ങാണിത്. വൂൾവ്സിൽനിന്ന് അഞ്ചു വർഷത്തെ കരാറിലാണ് മുന്നേറ്റ താരത്തെ ടീമിലെത്തിച്ചത്. രണ്ടു മാസം മുമ്പാണ് 2029 വരെ വൂൾവ്സുമായി കുൻഹ കരാർ പുതുക്കിയത്. എന്നാൽ, കരാറിലെ 720.03 കോടി (62.5 മില്യൺ പൗണ്ട്) രൂപയുടെ റിലീസ് ക്ലോസ് യുനൈറ്റഡ് കൈമാറാൻ തയാറായതോടെയാണ് താരകൈമാറ്റം വേഗത്തിലായത്.

സീസണിൽ വൂൾവ്സിന്‍റെ മോശം ഫോമിലും 26കാരനായ ബ്രസീലിയൻ താരത്തിന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രീമിയർ ലീഗ് സീസണിൽ 15 ഗോളുകളാണ് താരം നേടിയത്. ആറു അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ഒരേ സമയം രണ്ടാം സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള കുൻഹ, അമോറിമിന്‍റെ ശൈലിക്ക് പറ്റിയ താരമാണ്.

സീസണിൽ പ്രീമിയർ ലീഗിൽ 15ാം സ്ഥാനത്താണ് യുനൈറ്റഡ് ഫിനിഷ് ചെയ്തത്. അഞ്ചു വർഷത്തെ കരാറിനൊപ്പം ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനുണ്ട്. 2023-24 സീസണിലെ ഓപ്പണിങ് മത്സരത്തിൽ ഓൾഡ് ട്രാഫോർഡിൽ യുനൈറ്റഡിനെതിരെ വൂൾവ്സിനായി കുൻഹ നടത്തിയ പ്രകടത്തോടെയാണ് ക്ലബിന്‍റെ റഡാറിൽ താരം പതിഞ്ഞത്.

ആഴ്സണൽ, ആസ്റ്റൻ വില്ല ഉൾപ്പെടെയുള്ള ക്ലബുകളും കുൻഹക്കായി ചരടുവലിച്ചെങ്കിലും താരം യുനൈറ്റഡിനായി കളിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. 2022ൽ അത്ലറ്റികോ മഡ്രിഡിൽനിന്നാണ് കുൻഹ വൂൾവ്സിലെത്തുന്നത്.

Tags:    
News Summary - Matheus Cunha completes £62.5m move to Old Trafford

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.