'കർഷകരുടെ നട്ടെല്ലുകൊണ്ടാണ് രാജ്യം പടുത്തുയർത്തിയത്' - കർഷകർക്ക് പിന്തുണയുമായി ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ

ന്യൂഡൽഹി: കർഷക പ്രതിഷേധത്തെ പിന്തുണച്ച അന്താരാഷ്ട്ര ശബ്ദങ്ങളെ 'ഇന്ത്യാടുഗെതർ' ഹാഷ്ടാഗ് ഉപയോഗിച്ച് എതിർത്ത ക്രിക്കറ്റ് താരങ്ങൾക്ക് വിപരീതമാണ് ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ. കർഷകർക്ക് പിന്തുണയുമായി കർഷകർക്കൊപ്പം എന്ന ഹാഷ്ടാഗുമായി നിരവധി ഇന്ത്യൻ ഫുട്ബാൾ താരങ്ങളാണ് രംഗത്തുവന്നത്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത്, ബെംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം ഡാരൻ കാൽഡെയ്‌റ, ഇന്ത്യൻ താരവും ചെന്നൈയിൻ എഫ്‌.സിയുടെ മിഡ്ഫീൽഡറുമായ അനിരുദ്ധ് ഥാപ്പ, ചെന്നൈയിൻ എഫ്.സി താരമായ കരഞ്ജിത് സിംഗ്, ദീപക് താംഗ്രി, ജർമ്മൻപ്രീത് സിംഗ് എന്നിവരും കർഷകരെ പിന്തുണച്ച് രംഗത്തെത്തി.

പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബർഗ് തുടങ്ങിയവര്‍ കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഇത് രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു കേന്ദ്രം രംഗത്തെത്തിയത്. നേരത്തെ അന്താരാഷ്ട്ര തലത്തിൽ കർഷകർക്ക് പിന്തുണ ലഭിച്ചപ്പോൾ ഇത് രാജ്യത്തിൻ്റെ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് സച്ചിൻ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു.

"വിദ്യാർഥികൾക്ക് പണം. പ്രതിഷേധക്കാർക്ക് പണം. കർഷകർക്കും പണം. ഇപ്പോൾ റിഹാനയ്ക്കും പണം കൊടുത്തെന്ന് പറയുന്നു. അവർക്ക് പണം ആവശ്യമാണ്. ഫോബ്‌സിന്‍റെ കണക്കനുസരിച്ച് അവരുടെ സമ്പത്തിന്‍റെ മൂല്യം 600 മില്ല്യൺ ഡോളറാണ്. പറഞ്ഞെന്നേയുള്ളൂ. കർഷകർക്കൊപ്പം' -എന്നായിരുന്നു ഡാരൻ കാൽഡെയ്‌റയുടെ ട്വീറ്റ്. ഇന്ത്യൻ താരം ഫാറൂഖ് ചൗധരി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

'നാം നമ്മുടെ കർഷകർക്കൊപ്പം നിൽക്കണം. അവരുടെ മാത്രം പോരാട്ടമല്ല നമ്മുടെതും കൂടിയാണ്. ലോകം നിരീക്ഷിച്ചാലും ഇല്ലെങ്കിലും, യഥാർത്ഥ ആളുകൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളാണ് അതെല്ലാം, അവരുടെ നട്ടെല്ലിനാലാണ് രാജ്യം പടുത്തുയർത്തിയത്. ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ അവർക്കായി ശബ്ദമുയർത്തേണ്ടത് നമ്മുടെ കടമയാണ്.' ദീപക് താംഗ്രി ട്വീറ്റ് ചെയ്തു.

എ.ടി.കെ മോഹൻ ബഗാൻ മിഡ്ഫീൽഡറുമായ മൈക്കൽ സൂസൈരാജും കർഷകരെ പിന്തുണച്ചു. 'കർഷകരെ പിന്തുണയ്ക്കുക' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. ഫുട്ബോൾ താരങ്ങൾ ക്രിക്കറ്റ് താരങ്ങളിൽനിന്ന് വ്യത്യസ്ഥമായി കർഷകർക്ക് പിന്തുണയുമായി രംഗത്തുവന്നതോടെ സമുഹമാധ്യമത്തിൽ വൻ പിന്തുണയാണുണ്ടായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.