മാഞ്ചസ്റ്റർ യുനൈറ്റഡിനായി സ്കോർ ചെയ്ത കാസെമിറോയും ബ്രൂണോ ഫെർണാണ്ടസും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ ജയം ആഘോഷിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. നാടകീയതകൾ നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഓൾഡ് ട്രാഫോഡിൽ ആതിഥേയരുടെ വാഴ്ച. കളിയുടെ അഞ്ചാം മിനിറ്റിൽതന്നെ ചെൽസി ഗോൾ കീപ്പർ റോബർട്ട് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് മടങ്ങി. മാഞ്ചസ്റ്റർ യുനൈറ്റഡിനായി 200ാം മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നൂറാം ഗോൾ സ്കോർ ചെയ്യുന്നതിനും കളി സാക്ഷിയായി.
മത്സരം തുടങ്ങി അധികം വൈകും മുമ്പേ യുനൈറ്റഡ് വിങ്ങർ ബ്രയാൻ എംബ്യൂമോയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് സാഞ്ചസിന് മടക്ക ഉത്തരവ് ലഭിച്ചത്. ഇതോടെ സന്ദർശകർ പത്തുപേരായി ചുരുങ്ങി. ഫിലിപ്പ് ജോർഗെൻസെനാണ് പിന്നെ വല കാത്തത്. 14ാം മിനിറ്റിൽ ബ്രൂണോയിലൂടെ ആദ്യ അടി. 37ാം മിനിറ്റിൽ കാസെമിറോയും ലക്ഷ്യം കണ്ടതോടെ യുനൈറ്റഡ് ലീഡ് കൂട്ടി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ആൻഡ്രെ സാന്റോസിനെ ഫൗൾ ചെയ്തതിന് കാസെമിറോക്ക് കളിയിലെ രണ്ടാം മഞ്ഞക്കാർഡ്.
രണ്ടാം പകുതിയിൽ യുനൈറ്റഡും കളിച്ചത് പത്തുപേരുമായി. യുനൈറ്റഡ് ജയത്തിലേക്ക് നീങ്ങവെ 80ാം മിനിറ്റിൽ ഡിഫൻഡർ ട്രെവോ ചലോബയുടെ ഹെഡ്ഡർ വലയിലാക്കി ചെൽസി പിരിമുറുക്കമുണ്ടാക്കി. എങ്കിലും സീസണിലെ ആദ്യ തോൽവിയിൽനിന്ന് നീലപ്പടയെ രക്ഷിക്കാനായില്ല. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയന്റുമായി യുനൈറ്റഡ് പത്താം സ്ഥാനത്തേക്ക് കയറി. എട്ട് പോയന്റുള്ള ചെൽസി ആറാമതാണ്. മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 2-1ന് വെസ്റ്റ്ഹാമിനെയും ലീഡ്സ് യുനൈറ്റഡ് 3-1ന് വോൾവ്സിനെയും ഫുൾഹാം 3-1ന് ബ്രെന്റ്ഫോഡിനെയും തോൽപിച്ചപ്പോൾ ടോട്ടൻഹാമും ബ്രൈറ്റനും 2-2നും നോട്ടിങാഹാമും ബേൺലിയും 1-1നും സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.