മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ജോണി ഇവാൻസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. സന്നാഹ മത്സരത്തിന്‍റെ ഭാഗമായി ഏഷ്യൻ പര്യടനം നടത്തുന്ന യുനൈറ്റഡ് ടീമിലുള്ള 37കാരനായ ഇവാൻസ്, വെള്ളിയാഴ്ച ഹോങ്കോങ് ദേശീയ ടീമിനൊപ്പമുള്ള മത്സരശേഷമാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. മത്സരത്തിൽ ഒരു ഗോളിനു പിന്നിൽപോയ യുനൈറ്റഡ് രണ്ടാംപകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ജയം പിടിച്ചെടുത്തത്.

ജൂൺ അവസാനത്തോടെ യുനൈറ്റഡും ഇവാനും തമ്മിലുള്ള കരാർ അവസാനിക്കാനിരിക്കെയാണ് താരം കളി നിർത്താൻ തീരുമാനിച്ചത്. രണ്ടു കാല‍യളവിലായി യുനൈറ്റഡിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 240 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും എഫ്.എ കപ്പ് കിരീടവും നേടിയിട്ടുണ്ട്. വടക്കൻ അയർലൻഡ് ദേശീയ ടീമിനായി 107 മത്സരങ്ങൾ കളിച്ചു. അയർലൻഡ് ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഇവാൻസുമുണ്ട്.

യുനൈറ്റഡിന്‍റെ അക്കാദമിയിലൂടെ വളർന്നുവന്ന ഇവാൻസ്, 2006ലാണ് ക്ലബിനായി അരങ്ങേറ്റം കുറിക്കുന്നത്. 2006 മുതൽ 2015 വരെ യുനൈറ്റഡിന്‍റെ പ്രധാന താരമായിരുന്നു. ഇതിനിടെ വായ്പയിൽ റോയൽ ആന്‍റ്വെർപ്, സണ്ടർലാൻഡ് ടീമുകൾക്കായും കളിച്ചു. 2015 മുതൽ 2018 വരെ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനായും 2018 മുതൽ 2023 വരെ ലെസ്റ്റർ സിറ്റിക്കായും കളിച്ചു. ലെസ്റ്ററിനൊപ്പം എഫ്.എ കപ്പ് നേടി.

2023ലാണ് വീണ്ടും യുനൈറ്റഡിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ വർഷം എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ കളിച്ചിരുന്നു. സീസണൊടുവിൽ യുനൈറ്റഡ് വിട്ടുപോകുന്ന മൂന്നാമത്തെ താരമാണ് ഇവാൻ. ക്രിസ്റ്റ്യൻ എറിക്സൺ, വിക്ടർ ലിൻഡെലോഫ് എന്നിവരാണ് ക്ലബിനോട് യാത്ര പറയുന്നത്.

ഫുട്ബാളിന് നൽകിയ സംഭാവനകൾക്ക് 2023ൽ ഇവാൻസിന് മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ പുരസ്കാരം നൽകിയിരുന്നു. ഈ സീസണിൽ പകരക്കാരന്‍റെ റോളിൽ 13 മത്സരങ്ങളിലാണ് ഇവാൻ യുനൈറ്റഡിനായി കളിച്ചത്. പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരായ സീസണിലെ അവസാന മത്സരത്തിൽ അവസാന നിമിഷം പകരക്കാരന്‍റെ റോളിൽ ഇവാൻസ് കളത്തിലിറങ്ങിയിരുന്നു.

Tags:    
News Summary - Manchester United defender Jonny Evans retires from football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.