ഇഞ്ചുറി ടൈമിൽ ബെല്ലിങ്ഹാമിന്റെ വിജയഗോൾ; റയലിന്റെ അവിശ്വസനീയ തിരിച്ചുവരവിൽ സിറ്റി വീണു, ജയം 3-2ന്

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് നാടകീയ വിജയം. അന്തിമ വിസിലിന് തൊട്ടുമുൻപ്  ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളാണ് സിറ്റിയെ വീഴ്ത്തി ത്രില്ലർ പോരിന് വിരാമമിട്ടത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ ജയം.

സിറ്റിയുടെ സ്വന്തം തട്ടകമായ ഇത്തിഹാദിൽ നടന്ന പോരാട്ടത്തിൽ 2-1 ന് പിന്നിൽ നിന്ന ശേഷമാണ് റയലിന്റെ അവിശ്വസനീയ തിരിച്ചുവരവ്. 

സിറ്റിക്ക് വേണ്ടി എർലിങ് ഹാലൻഡ് ഇരട്ടഗോൾ നേടിയിരുന്നു. 19ാം മിനിറ്റിൽ ഹാലൻഡിന്റെ ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തുന്നത്. ക്ലോസ് റേഞ്ചിൽ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഗോളുതിർത്തു. 

രണ്ടാം പകുതിയിൽ 60ാം മിനിറ്റിലാണ് റയൽ ഗോൾ തിരിച്ചടിക്കുന്നത്. അസാധാരണ ഫിനിഷിങിലൂടെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയാണ് ഒപ്പമെത്തിച്ചത്(1-1). 

80ാം മിനിറ്റിൽ ഹാലൻഡ് നേടിയ പെനാൽറ്റിയിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി (2-1). ഫിൽ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹാലൻഡ് പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 86ാം മിനിറ്റിൽ ബ്രാംഹിം ഡയസിലൂടെ വീണ്ടും ഒപ്പമെത്തി റയൽ (2-2).

സമനിലയിലേക്കെന്ന് തോന്നിച്ച പോരാട്ടം അവസാന മിനിറ്റുകളിലേക്ക് നീങ്ങവേ സിറ്റിയുടെ അന്തകനായി ബെല്ലിങ്ഹാം അവതരിച്ചു.

മൂന്ന് മിനിറ്റ് മാത്രമുണ്ടായിരുന്ന ഇഞ്ചുറി ടൈമിൽ 92ാം മിനിറ്റിൽ സിറ്റിയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂനിയർ ബോക്സിന് മുന്നിലേക്ക് നീട്ടി നൽകിയ പന്ത് ബെല്ലിങ്ഹാം അനായാസം വലയിലാക്കി(3-2). രണ്ടാം പാദ മത്സരം ഈ മാസം 19 ന് റയലിന്റെ തട്ടകമായ സാൻഡിയാഗോ ബർണബ്യൂവിൽ നടക്കും.

ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ സ്പോട്ടിങ്ങിനെ ഡോർട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചു. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളിന് യുവന്റസ് പി.എസ്.വിയെ കീഴടക്കി.

Tags:    
News Summary - Manchester City vs Real Madrid Highlights, Champions League 2024-25: MCI 2-3 RM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.