ഹാലാൻഡിന് കൂട്ടായി പുതിയ ഏഴാം നമ്പറുകാരൻ, മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റങ്ങൾക്ക് ഇനി മൂർ​ച്ചയേറും

ലണ്ടൻ: മുന്നേറ്റ നിരയിലെ മൂർച്ച വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ഈജിപ്തുകാരനായ ഗോളടിവീരനെ അണിയിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. അർജന്റീനയുടെ ലോകകപ്പ് ജേതാവ് ഹൂലിയൻ ആൽവാരസ് അത്‍ലറ്റികോ മഡ്രിഡിലേക്ക് കൂടുമാറിയ ഒഴിവു നികത്തുന്നതിനായാണ് ഈജിപ്ഷ്യൻ സ്ട്രൈക്കർ ഉമർ മർമൂഷിനെ സിറ്റി അധികൃതർ മാഞ്ചസ്റ്ററിലെത്തിക്കുന്നത്. അവിശ്വസനീയമായ ഇടർച്ചകളിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആക്രമണ നീക്കങ്ങളെ ശക്തിപ്പെടുത്താനുള്ള നീക്കം. ഏഴാം നമ്പറുകാരനായാവും സിറ്റിയിൽ മർമൂഷ് കുപ്പായമിട്ടിറങ്ങുക.

ജർമൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽനിന്നാണ് താരത്തിന്റെ വരവ്. നിലവിൽ ബുണ്ടസ്‍ലീഗയിൽ മൂന്നാമതു നിൽക്കുന്ന ഫ്രാങ്ക്ഫർട്ടിനായി കഴിഞ്ഞ രണ്ടു സീസണുകളിലായി 46 കളികളിൽ 27 ഗോളുകൾ നേടിയിട്ടുണ്ട് ഈ 25കാരൻ. നാലര വർഷത്തെ കരാറിലാണ് മർമൂഷുമായി മാഞ്ചസ്റ്റർ സിറ്റി ഒപ്പുചാർത്തിയിരിക്കു​ന്നത്. ഇതുപ്രകാരം 2029 വരെ താരം സിറ്റിയിൽ തുടരും.

സിറ്റി ആക്രമണനിരയിൽ എർലിങ് ഹാലാൻഡിന്റെ സഹായിയായി ഇനി മർമൂഷ് പ്രത്യക്ഷപ്പെടും. യൂറോപ്പിലെ പ്രതിഭാധനരായ യുവ സ്ട്രൈക്കർമാരിൽ മുൻനിരയിലുള്ള മർമൂഷ് ഈജിപ്തിനുവേണ്ടി ഇതുവരെ 35കളികളിൽ ആറു ഗോളുകൾ നേടിയിട്ടുണ്ട്. ബുണ്ടസ്‍ലിഗയിൽ സീസണിൽ മിന്നുംഫോമിലാണ് താരം. ഫ്രാങ്ക്ഫർട്ടിനുവേണ്ടി ഈ സീസണിൽ 15 ഗോളുകൾ സ്വന്തം പേരിൽകുറിച്ച താരം ജർമൻ ലീഗിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ഹാരി കെയ്നിനേക്കാൾ ഒരു ഗോൾമാത്രം പിറകിലാണ്.

മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള കൂടുമാറ്റത്തിൽ താൻ ഏറെ ആഹ്ലാദവാനാണെന്ന് മർമൂഷ് പ്രതികരിച്ചു. ‘ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ലോകത്തെ മികച്ച ടീമുകളിലൊന്നായ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി കളിക്കുകയെന്നത് അതിശയിപ്പിക്കുന്നതാണ്. അത്യാഹ്ലാദവാനാണ് ഞാൻ. എന്റെ കുടുംബത്തിന് ഏറെ അഭിമാനം പകരുന്ന നേട്ടമാണിത്. മാഞ്ചസ്റ്ററിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്. കോച്ച് പെപ് ഗ്വാർഡിയോളക്കും അദ്ദേഹത്തിന്റെ ടെക്നിക്കൽ സ്റ്റാഫിനുമൊപ്പം ഇവിടുത്തെ ലോകോത്തര സൗകര്യങ്ങളും ഏതൊരു കളിക്കാരനും സ്വയം മെച്ചപ്പെടുത്താനുള്ള വഴികൾ തുറക്കും. അതെന്നെ ഏറെ ​പ്രചോദിതനാക്കുന്നുണ്ട്. സിറ്റിക്കൊപ്പം ഒരു​പാട് കിരീടങ്ങൾ നേടണമെന്നാണ് ആഗ്രഹം’ -മർമൂഷ് പ്രതികരിച്ചു.

17-ാം വയസ്സിൽ ഈജിപ്തിലെ വാദി ദെഗ്‍ലക്കുവേണ്ടിയാണ് മർമൂഷ് പ്രൊഫഷനൽ ഫുട്ബാളിൽ അരങ്ങേറിയത്. ശേഷം 2017ൽ ജർമൻ ക്ലബായ വോൾവ്സ്ബർഗിലേക്ക്. 2021ൽ സ്റ്റുട്ട്ഗർട്ടിന് വായ്പാടിസ്ഥാനത്തിൽ ബൂട്ടുകെട്ടിയശേഷം 2023ലാണ് ഫ്രാങ്ക്ഫർട്ടിലെത്തിയത്. 


Tags:    
News Summary - Manchester City Sign Egyptian Striker Omar Marmoush From Eintracht Frankfurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.