അറ്റ്‌ലാന്‍റ: ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റിയും യു.എ.ഇ ക്ലബായ അൽ ഐൻ എഫ്.സിയും നേർക്കുനേർ ബൂട്ടുകെട്ടിയിറങ്ങിയപ്പോൾ ആ മത്സരത്തിന് ശ്രദ്ധേയമായ സവിശേഷതയുണ്ടായിരുന്നു. യു.എ.ഇ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കളിക്കൂട്ടങ്ങളുടെ നേരങ്കമായിരുന്നു അത്. യു.എ.ഇ വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മന്‍സൂറിന്‍റെ ഉടമസ്ഥതതയിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയെങ്കിൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും യു.എ.ഇ പ്രസിഡന്‍റുമായ ഷെയ്ഖ് മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള ടീമാണ് അല്‍ ഐൻ. മത്സരത്തിൽ പക്ഷേ, പ്രസിഡന്റിന്റെ ടീമിനെ തകർത്തുവാരി വൈസ് പ്രസിഡന്റിന്റെ ടീം ഗംഭീര ജയം കുറിച്ചു.
‘അബൂദബി ഡെർബി’യെന്ന് ആരാധകർ വിശേഷിപ്പിച്ച മത്സരത്തിൽ അല്‍ ഐനിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ തകർപ്പൻ ജയം. കളി തുടങ്ങി എട്ടാം മിനിറ്റില്‍തന്നെ അയ്കായ ഗുണ്ടോഗനിലൂടെ സിറ്റി മുന്നിലെത്തി. എർലിങ് ഹാലാൻഡിനെ ലാക്കാക്കി ക്രോസ് ചെയ്ത പന്ത് വളഞ്ഞുപുളഞ്ഞ് വലയുടെ മൂലയിലേക്ക് പറന്നിറങ്ങിയപ്പോൾ ഗുണ്ടോഗന് തന്നെ അതിശയമായിരുന്നു. അർജന്റീനയുടെ പുത്തൻ താരോദയം ക്ലോഡിയോ എച്ചെവേരിയുടെ ഊഴമായിരുന്നു അടുത്തത്. 27-ാം മിനിറ്റില്‍ തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ യുവതാരം സിറ്റിക്കായി തന്‍റെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാൽറ്റി സ്പോട്ടിൽനിന്ന് ഹാലാൻഡ് മൂന്നാം ഗോളിലേക്ക് പന്തുപായിച്ചു.
ഇടവേളക്കുശേഷം 73-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ തന്റെ രണ്ടാം ഗോൾ നേടി. പകരക്കാരായ ഓസ്കാര്‍ ബോബും റയാന്‍ ചെര്‍ക്കിയും അവസാന മിനിറ്റുകളിൽ ലക്ഷ്യം കണ്ടതോടെ സിറ്റി ജയം കെങ്കേമമാക്കി. ഈ ജയത്തോടെ ഗ്രൂപ് ജിയില്‍ ആറ് പോയന്‍റുമായി സിറ്റി പ്രീ ക്വാര്‍ട്ടര്‍ ഫൈനലിൽ ഇടമുറപ്പിച്ചു. വിഡാഡ് എ.സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടക്കിയ യുവന്‍റസും സിറ്റിക്കൊപ്പം ഗ്രൂപ്പിൽനിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യ മത്സരത്തില്‍ യുവന്‍റസ് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് അല്‍ ഐനിനെ തോൽപിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിയും യുവന്‍റസും ഏറ്റുമുട്ടും. ഇരുടീമും ഗോള്‍ ശരാശരിയിലും ഒപ്പത്തിനൊപ്പമായതിനാൽ വ്യാഴാഴ്ച നടക്കുന്ന മത്സരം ജയിക്കുന്നവർ ഗ്രൂപ്പ് ജേതാക്കളാകും. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാർക്ക് പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡിനെയാകും നേരിടേണ്ടിവരിക.
ഗ്രൂപ് ‘എച്ചി’ൽ കരുത്തരായ റയൽ മഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മെക്സിക്കൻ ടീമായ പച്ചൂക്കയെ കീഴടക്കി. ഏഴാം മിനിറ്റിൽ റൗൾ അസൻസിയോ ചുകപ്പുകാർഡ് കണ്ട് പുറത്തുപോയതിനെ പിന്നാലെ പത്തുപേരായി ചുരുങ്ങിയിട്ടും പൊരുതിക്കയറിയാണ് റയൽ വെന്നിക്കൊടി നാട്ടിയത്. ജൂഡ് ബെല്ലിങ്ഹാമിലൂടെ മുന്നിലെത്തിയ റയലിനുവേണ്ടി ആർദാ ഗുലേറാണ് ലീഡുയർത്തിയത്. ഫെഡറികോ വാൽവർദേ മൂന്നാം ഗോൾ നേടിയശേഷം 19കാരൻ ഇലാസ് മോണ്ടിയലിന്റെ ബൂട്ടിൽനിന്നായിരുന്നു പച്ചൂക്കയുടെ ആശ്വാസഗോൾ. ജയത്തോടെ റയൽ മഡ്രിഡ് പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.