പാവം ചെൽസി; നാലു ഗോളിന് മുക്കി എഫ്.എ കപ്പ് നാലാം റൗണ്ടിലേക്ക് സിറ്റി

ആക്രമിക്കാനുറച്ച മുന്നേറ്റനിരയോ ചെറുത്തുനിൽക്കാൻ പ്രതിരോധമോ ഇല്ലാതെ മൈതാനത്ത് ഉഴറി നടന്ന ചെൽസിക്കെതിരെ എതിരില്ലാത്ത നാലു ഗോൾ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇത്തിഹാദ് മൈതാനത്ത് എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിലാണ് മാസ്മരിക പ്രകടനവുമായി ആതിഥേയർ എതിരാളികളെ മുട്ടുകുത്തിച്ചത്. ദിവസങ്ങൾക്കിടെ സിറ്റിക്ക് മുന്നിൽ ചെൽസിക്കിത് രണ്ടാം വീഴ്ചയാണ്. രണ്ടു വട്ടം ഗോളടിച്ച് റിയാദ് മെഹ്റസ് സിറ്റിയുടെ ഗോൾമെഷീനായ കളിയിൽ അർജന്റീനയുടെ യുവതാരം ജൂലിയൻ അൽവാരസ്, ഫിൽ ഫോഡൻ എന്നിവരും ലക്ഷ്യം കണ്ടു. സൂപർ സ്ട്രൈക്കർ എർലിങ് ഹാലൻഡ് ഇത്തവണയും പുറത്തിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ കാണികളെ മുൾമുനയിൽനിർത്തി ഒരേ ഊർജത്തോടെ പന്തു തട്ടിയ രണ്ടു പ്രമുഖരുടെ മികച്ച പ്രകടനം കാണാനെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന കളിയായിരുന്നു ചെൽസിയുടെത്. എതിരെനിന്ന മാഞ്ചസ്റ്റർ സിറ്റിയാകട്ടെ, ഓരോ നീക്കത്തിലും അദ്ഭുതങ്ങളുമായി നീലക്കുപ്പായക്കാരുടെ ആത്മവിശ്വാസം തകർക്കുകയും ചെയ്തു.

23ാം മിനിറ്റിൽ അതിമനോഹരമായ ഫ്രീകിക്ക് ഗോളിൽ മെഹ്റസ് സിറ്റിക്ക് ലീഡ് നൽകി.

വൈകാതെ അൽവാരസ് സ്കോർ ചെയ്തു. സ്വന്തം ബോക്സിൽ ചെൽസി താരം കെയ് ഹാവെർട്സിന്റെ കൈകളിൽ പന്തു തട്ടിയ​തിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു അർജന്റീന യുവതാരത്തിന്റെ ഗോൾ.

ഒന്നാം പകുതിയിൽ കണക്കുതീർക്കാമെന്ന കണക്കുകൂട്ടലിൽ 38ാം മിനിറ്റിൽ സിറ്റി വീണ്ടും ഗോൾ നേടി. കെയ്ൽ വാക്കറുടെ പാസ് വൺ ടച്ചിൽ പോസ്റ്റിലെത്തിച്ചായിരുന്നു ഫോഡന്റെ ഗോൾ. എന്നിട്ടും തിരിച്ചടിക്കാനുള്ള നീക്കങ്ങൾ മറന്ന ചെൽസിയുടെ നെഞ്ചുതകർത്ത് 83ാം മിനിറ്റിൽ മെഹ്റസ് വീണ്ടും ഗോളടിച്ചു. ഫോഡനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു ഗോൾ.

നാലാം റൗണ്ടിലെത്തിയ സിറ്റിക്ക് ഓക്​ഫഡ് യുനൈറ്റഡ്- ആഴ്സണൽ മത്സര ​വിജയികളാകും എതിരാളികൾ. 

കളി മറന്ന് നീലക്കുപ്പായക്കാർ; നെഞ്ചു തകർന്ന് പോട്ടർ

ആദ്യ പകുതിയിൽ കാൽ ഡസൻ ഗോൾ വഴങ്ങിയിട്ടും ആക്രമിക്കാൻ മറന്നുനിന്ന നീലക്കുപ്പായക്കാരുടെ ദയനീയ കാഴ്ചയിൽ ഹൃദയം തകർന്ന് കോച്ച് ഗ്രഹാം പോട്ടർ. കരുത്തരായ എതിരാളികൾക്കെതിരെ ഒരു ഘട്ടത്തിൽ പോലും നിലയുറപ്പിക്കാനാവാതെയാണ് ചെൽസി തരിപ്പണമായത്. കളി മുഴുവനാകാൻ നിൽക്കാതെ ചെൽസി ആരാധകരിലേറെയും നേരത്തെ മൈതാനം വിടുന്നതിനും ഇത്തിഹാദ് സാക്ഷിയായി. അവശേഷിച്ചവരാകട്ടെ, മുൻ കോച്ച് ടുഷേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ​ഗാലറിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പരിക്കിന്റെ കളി തുടരുന്നത് ചെൽസിക്ക് ഭീഷണിയാണെങ്കിലും കൊവാസിച്, കൗലിബാലി, ഹാവെർട്സ്, മേസൺ മൗണ്ട്, ജോർജീഞ്ഞോ, ഹകീം സിയെഷ് തുടങ്ങി ഏറ്റവും പ്രമുഖരുടെ നിര ഇപ്പോഴും കളത്തിലിറങ്ങാനുണ്ടായിട്ടും കളി ദുരന്തമാകുന്നതാണ് കോച്ചിനെതിരെ തിരിയാൻ ആരാധകരെ നിർബന്ധിക്കുന്നത്. പുതിയ താരങ്ങൾക്കായി ചരടുവലികൾ തുടരുന്ന മാനേജ്മെന്റ് നിലവിലുള്ള താരങ്ങളിൽ ആത്മവിശ്വാസം പകരുന്നതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് ചോദ്യം.

നിലവിൽ ആഭ്യന്തര ലീഗുകളിൽനിന്ന് പുറത്തായി കഴിഞ്ഞ ചെൽസി പ്രിമിയർ ലീഗിൽ ഏറെ പിറകിലുമാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത കടക്കാൻ പ്രമുഖർ മുന്നിൽനിൽക്കെ നാലാമതുള്ള ടീമുമായി പോയിന്റ് വ്യത്യാസം 10 ആ​ണ്. നിലവിലെ സാഹചര്യത്തിൽ ഇത് മറികടക്കുക ​ദുഷ്കരമാണ്.

ഹാലൻഡ് കരക്കിരുന്നിട്ടും ഗോൾമഴ

ടീമിന്റെ ഗോൾ മെഷീനായ എർലിങ് ഹാലൻഡ് കരക്കിരുന്ന ദിവസത്തിലായിരുന്നു സിറ്റിയുടെ ഗോളാഘോഷം. പകരമിറങ്ങിയ അൽവാരസുൾപ്പെടെ ഗോളടിച്ച ദിനത്തിൽ ഫോഡന്റെ പ്രകടനവും ശ്രദ്ധേയമായി. പ്രിമിയർ ലീഗ് ഒന്നാം സ്ഥാനത്ത് ഇപ്പോഴും കണ്ണുറപ്പിച്ചു നിൽക്കുന്ന സിറ്റിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് സമീപ നാളുകളിലെ പ്രകടനങ്ങൾ. ആഴ്സണലുമായി അഞ്ചു പോയിന്റ് വ്യത്യാസം തുടരുന്ന സിറ്റി വരുംനാളുകളിൽ ഇതും മറികടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

മറ്റൊരു മത്സരത്തിൽ സ്റ്റീവൻജിനോട് ആസ്റ്റൺ വില്ല 2-1ന് തോൽവി വഴങ്ങി.

Tags:    
News Summary - Manchester City cruised into the FA Cup fourth round with a routine victory over Chelsea at Etihad Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.