അണ്ടർ 17 ഏഷ്യാകപ്പ് യോഗ്യത റൗണ്ടിൽ ഒമാനെതിരായ മത്സരത്തിൽ ഖത്തർ വിജയം കുറിച്ചതിനു പിറകെ ഗോളിലേക്ക് അവസരമൊരുക്കിയ തഹ്സിന്റെ (18) ആഹ്ലാദം

അന്നബിയുടെ മലയാളിപ്പൊന്ന്

ദോഹ: മലയാളി ഫുട്ബാൾ ആരാധകർക്ക് ഈ ചിത്രവും ആഘോഷവും മനസ്സിൽ കുറിച്ചിടാം. മുഷ്ടികൾ ചുരുട്ടി ആകാശത്തേക്കുയർത്തി ഗോൾ ആഘോഷിക്കുന്ന കണ്ണൂർ വളപട്ടണക്കാരൻ പയ്യൻ. ആരും കൊതിക്കുന്ന ഖത്തറിന്റെ മറൂൺ കുപ്പായത്തിൽ ഇടതുവിങ്ങിലൂടെ ചാട്ടുളിപോലെ കുതിച്ചു കയറി, കൂട്ടുകാർക്ക് വലനിറക്കാൻ പന്തെത്തിക്കുന്ന കൗമാരക്കാരൻ കാൽപന്തുലോകത്തിന് കേരളത്തിന്റെ പുതുവാഗ്ദാനമാണ്.

ലോകകപ്പ് മൈതാനിയിൽ ഖത്തറിന് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ഹസൻ ഹൈദോസിന്റെയും അക്രം അഫിഫിയുടെയും ഇളമുറക്കാരുടെ നിരയായ അണ്ടർ 17 ടീമിലെ അംഗമാണ് തഹ്സിൻ. ഒമാനിൽ നടക്കുന്ന അണ്ടർ 17 ഏഷ്യകപ്പ് യോഗ്യത മത്സരത്തിനുള്ള ഖത്തർ ദേശീയ ടീമിന്റെ പ്രാധാന മധ്യനിര താരങ്ങളിൽ ഒരാൾ.

ഗ്രൂപ് 'സി'യിൽ മൂന്ന് മത്സരങ്ങൾ ഖത്തർ പൂർത്തിയാക്കിയപ്പോൾ എല്ലാ മത്സരങ്ങളിലും തഹ്സിൻ കളത്തിലുണ്ടായിരുന്നു. പകരക്കാരനായെത്തി ടീമിന്റെ കളിഗതിയിൽ നിർണായകമാവുന്ന നീക്കങ്ങൾ നടത്തി കൈയടി നേടുകയാണ് 15കാരൻ. ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച വൈകീട്ട് ആതിഥേയരായ ഒമാനെതിരായ മത്സരത്തിലും കണ്ടു മലയാളിപ്പയ്യന്റെ ക്ലാസിക് ടച്ച്.

വിങ്ങിൽ നിന്നും ഓടിക്കയറിയ തഹ്സിൻ നൽകിയ ക്രോസ് ക്യാപ്റ്റൻ ബസാം ആദിൽ വലയിലാക്കിയാണ് ടീമിന് വിജയം സമ്മാനിച്ചത്. നിർണായക മത്സരത്തിൽ ഞായറാഴ്ച ലബനാനെ നേരിടാനിരിക്കുകയാണ് ഖത്തർ. ഈ മത്സരം ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി ഏഷ്യകപ്പ് യോഗ്യത ഉറപ്പിക്കാം.

മുൻ അഖിലേന്ത്യ യൂനിവേഴ്സിറ്റി താരവും ഇന്ത്യൻ യൂത്ത് ക്യാമ്പ് വരെയും എത്തിയ പിതാവ് ജംഷിദിന് നഷ്ടമായ നേട്ടങ്ങൾ ഖത്തറിന്റെ കുപ്പായത്തിലൂടെ എത്തിപ്പിടിക്കുകയാണ് തഹ്സിൻ. ഖത്തറിൽ ജനിച്ചു വളർന്ന തഹ്സിൻ കഴിഞ്ഞ നാലുവർഷമായി ആസ്പയർ അക്കാദമിയിൽ ലോകോത്തര താരങ്ങളുടെ കീഴിലാണ് പരിശീലിക്കുന്നത്.

ഒരുപിടി പ്രതിഭകളുള്ള നാട്ടിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് തഹ്സിൻ യൂത്ത് ടീമിന്റെ അവിഭാജ്യഘടകമായി മാറിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അണ്ടർ 17 ടീമിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ പര്യടനവും നടത്തിയിരുന്നു.

Tags:    
News Summary - Malayali player Tahsin wins in Qatar's youth team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.