ലിവർപൂൾ ഗോൾവേട്ടക്ക് അതേ രീതിയിൽ തിരിച്ചടി; നാടകീയതകൾക്കൊടുവിൽ കളി കൈവിട്ട് ടോട്ടൻഹാം

15 മിനിറ്റിനിടെ ടോട്ടൻഹാമിന്റെ വലയിൽ ലിവർപൂൾ താരങ്ങൾ അടിച്ചുകയറ്റിയത് മൂന്ന് ഗോൾ, വിജയമുറപ്പിച്ച ലിവർപൂളിന്റെ വലയിൽ പിന്നെ മൂന്നെണ്ണം തിരിച്ചടിച്ച് ടോട്ടൻഹാമിന്റെ വീരോചിത തിരിച്ചുവരവ്, അവസാനം കളി തീരാൻ രണ്ട് മിനിറ്റുള്ളപ്പോൾ ലിവർപൂളിന്റെ വിജയഗോൾ... അത്യധികം നാടകീയത നിറഞ്ഞ മത്സരത്തിനാണ് ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. ഡിയോഗോ ജോട്ട നേടിയ അവസാന നിമിഷത്തെ ഗോൾ വിജയം മാത്രമല്ല, നിർണായക മൂന്ന് പോയന്റിലൂടെ അഞ്ചാം സ്ഥാനത്തേക്കുള്ള കുതിപ്പുകൂടിയാണ് ലിവർപൂളിന് സമ്മാനിച്ചത്.

സ്വന്തം തട്ടകമായ ആൻഫീൽഡിൽ അരങ്ങേറിയ മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ലിവർപൂൾ അക്കൗണ്ട് തുറന്നു. ട്രെന്റ് അലക്സാണ്ടർ ആർനോൾഡ് നൽകിയ മനോഹര ക്രോസ് കർട്ടിസ്‍ ജോൺസ് ഇടങ്കാൽ കൊണ്ട് വലയിലേക്ക് തട്ടിയിടുകയായിരുന്നു. രണ്ട് മിനിറ്റിനിടെ ടോട്ടൻഹാം വല വീണ്ടും കുലുങ്ങി. ഗാപ്കൊ വലതുവശത്തിലൂടെ ഓടിയെടുത്ത് നൽകിയ പന്ത് ലൂയിസ് ഡയസ് ഡൈവിങ് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പതിനഞ്ചാം മിനിറ്റിൽ കോഡി ഗാക്പോയെ ക്രിസ്റ്റ്യൻ റൊമേറൊ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം മുഹമ്മദ് സലാഹ് വലയിലെത്തിക്കുകയും ചെയ്തതോടെ ലിവർപൂൾ വൻ വിജയം നേടുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്.

എന്നാൽ, ടോട്ടൻഹാം പതിയെ കളിയിലേക്ക് തിരിച്ചെത്തുകയും 39ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയിനിലൂടെ ഒരുഗോൾ തിരിച്ചടിക്കുകയും ചെയ്തു. ഇവാൻ പെരിസിചിന്റെ കൃത്യാമായ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. നാല് മിനിറ്റിന് ശേഷം സൺ ഹ്യൂങ് മിനിന്റെ ഷോട്ട് ലിവർപൂൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. 53ാം മിനിറ്റിലും താരത്തിന്റെ ഷോട്ട് ഇതേ രീതിൽ നഷ്ടമായി. തൊട്ടുടനെ ക്രിസ്റ്റ്യൻ റൊമേറൊയുടെ ഷോട്ടും പോസ്റ്റിൽ തട്ടിത്തെറിച്ചു.

എന്നാൽ, 77ാം മിനിറ്റിൽ റൊമേറൊ മൈതാന മധ്യത്തിൽനിന്ന് ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് വലയിലെത്തിച്ച് സൺ നിരാശയകറ്റി. കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ സൺ ഹ്യൂങ് മിൻ എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് റിച്ചാർലിൻ ടോട്ടൻഹാമിന് സ്വപ്നതുല്യമായ തിരിച്ചുവരവ് സമ്മാനിച്ചു. താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളിന് കൂടിയാണ് ആൻഫീൽഡ് സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ അലിസൺ ബെക്കർ നീട്ടിയടിച്ച പന്ത് കണക്റ്റ് ചെയ്ത ടോട്ടൻഹാം താരത്തിന് പിഴച്ചപ്പോൾ പന്തെത്തിയത് ഡിയോഗോ ജോട്ടയുടെ കാലിലായിരുന്നു. താരം പിഴവില്ലാതെ പന്ത് വലയിലെത്തിച്ചതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു. സമനിലയുറപ്പിച്ച മത്സരം അതോടെ ലിവർപൂളിന് വിലപ്പെട്ട മൂന്ന് പോയന്റ് സമ്മാനിച്ചു.

Tags:    
News Summary - Liverpool's goal-hunting backfired in the same way; Tottenham gave up the game after the drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT