പ്രിമിയർ ലീഗിൽ ലിവർപൂൾ- വുൾവ്സ് മത്സരത്തിൽനിന്ന്
ലണ്ടൻ: കിരീടപ്പോരിന് അത്യൂഷ്ണം പിടിച്ച പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്കു മാത്രം ആളെ അടുപ്പിക്കില്ലെന്ന വിളംബരമായി ലിവർപൂൾ വിജയം. സ്വന്തം മൈതാനത്തു നടന്ന ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലിവർപൂൾ വുൾവ്സിനെ വീഴ്ത്തിയത്. ഇതോടെ ഒന്നാം സ്ഥാനത്ത് ചെമ്പടയുടെ ലീഡ് ഏഴു പോയിന്റ് ആയി. 25 കളികളിൽ 60 പോയിന്റാണ് ടീമിന്റെ സമ്പാദ്യമെങ്കിൽ രണ്ടാമതുള്ള ആഴ്സനലിന് 53ഉം നോട്ടിങ്ഹാം ഫോറസ്റ്റിന് 47ഉം പോയിന്റുണ്ട്.
ലിവർപൂൾ വാണ ആദ്യ പകുതിയിലായിരുന്നു ടീം രണ്ടു ഗോളും കുറിച്ചത്. 15ാം മിനിറ്റിൽ എതിർ ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ ലൂയിസ് ഡയസ് പന്ത് വലയിലെത്തിച്ചപ്പോൾ 37ാം മിനിറ്റിൽ മുഹമ്മദ് സലാഹ് പെനാൽറ്റി ഗോളാക്കി. ഇതോടെ, കളി തണുപ്പിച്ച ടീമിന്റെ പകുതിയിൽ പന്ത് കേന്ദ്രീകരിച്ച വുൾവ്സ് തുറന്നെടുത്ത അവസരങ്ങളിലൊന്നിലായിരുന്നു ആശ്വാസ ഗോൾ എത്തിയത്. 67ാം മിന്നിൽ മാത്യൂസ് കുൻഹയായിരുന്നു സ്കോറർ.
ലണ്ടൻ: 14 മിനിറ്റിനിടെ ഹാട്രിക് കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ സ്വയം അവരോധിത ‘ഈജിപ്ഷ്യൻ ചക്രവർത്തി’യായി ഉമർ മർമൂശ്. ബുണ്ടസ് ലിഗ ടീമായ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിൽനിന്ന് റെക്കോഡ് തുകക്ക് ഒരു മാസം മുമ്പ് സിറ്റിയിലെത്തിയ താരം നേടിയ ഹാട്രിക് നിറവിൽ ന്യുകാസിലിനെ എതിരില്ലാത്ത നാലു ഗോളിനാണ് ടീം തകർത്തുവിട്ടത്. ഇതോടെ, പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ ആദ്യനാലിൽ തിരിച്ചുകയറാനും ഇത്തിഹാദുകാർക്കായി. 19ാം മിനിറ്റിൽ ഗോളി എഡേഴ്സൺ നൽകിയ പാസിലായിരുന്നു മർമൂശ് ഗോൾവേട്ട തുടങ്ങിയത്. അഞ്ചു മിനിറ്റിനിടെ ഗുണ്ടൊഗന്റെ പാസിൽ വീണ്ടും ലീഡുയർത്തിയ താരം സാവിഞ്ഞായുടെ അസിസ്റ്റിൽ 33ാം മിനിറ്റിൽ ഹാട്രിക് തികച്ചു. എർലിങ് ഹാലൻഡ് 84ാം മിനിറ്റിൽ പട്ടിക തികച്ചു. സിറ്റിയുടെ തട്ടകത്തിൽ തുടർച്ചയായ 16ാം മത്സരത്തിലാണ് ന്യുകാസിൽ തോൽവി വഴങ്ങുന്നത്. മറ്റു മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ഹാം ഫോറസ്റ്റ് ഫുൾഹാമിനോട് തോൽവി വഴങ്ങിയത് ഞെട്ടലായി. ആസ്റ്റൺ വില്ല- ഇപ്സ് വിച് മത്സരം 1-1ന് സമനിലയിലായപ്പോൾ ക്രിസ്റ്റൽ പാലസ് എവർട്ടണിനോട് 2-1ന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.