ചാമ്പ്യന്മാരായി ചെമ്പട; പ്രീമിയർ ലീഗിൽ ലിവർപൂൾ മുത്തം

ലണ്ടൻ : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലേക്ക്. ലീഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ലിവർപൂളിന്‍റെ വിജയഗാഥ. ഞായറാഴ്ച നടന്ന ടോട്ടനത്തിനെതിരായ മത്സരത്തിൽ സമനില മാത്രം മതിയായിരുന്നു ടീമിന് ചാമ്പ്യൻമാരാകാൻ.

ലിവർപൂളിന്എന്നാൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ച് ആധികരികമായി തന്നെ ചെമ്പട വിജയകിരീടം ചൂടി. കളിയുടെ 12 -ാം മിനിറ്റിൽ ഡൊമിനിക് സോലങ്കയിലൂടെ ടോട്ടൻഹാമാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 16 -ാം മിനിറ്റിൽ ലൂയിസ് ഡയസ് ലിവർപൂളിന് സമനില സമ്മാനിച്ചു. 24 -ാം മിനിറ്റിൽ മധ്യനിര താരം മാക് അലിസ്റ്ററിന്‍റെ മനോഹരമായ ഷോട്ടിൽ ലിവർപൂൾ മുന്നിലെത്തി. 34 -ാം മിനിറ്റിൽ ഡച്ച് താരം ഗാക്പോയും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് പിരിഞ്ഞു.

63 -ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്‍റെ ഗോളിൽ ലിവർപൂൾ ലീഡ് മൂന്നായി ഉയർത്തി. 69 -ാം മിനിറ്റിൽ ടോട്ടൻഹാമിന്‍റെ ഓൺഗോൾ കൂടിയായതോടെ ആതിഥേയരുടെ ഗോൾനേട്ടം അഞ്ച്.

മുപ്പതുവർഷത്തെ ഇടവേളയ്ക്കുശേഷം 2020-ൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ചപ്പോൾ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആളനക്കമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളാണ് ആരാധകരെ അന്ന് അകറ്റിയത്. എന്നാൽ അഞ്ചുവർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ കപ്പടിക്കുന്നത് കാണാൻ ആയിരങ്ങളാണ് ആൻഫീൽഡിലേക്ക് ഒഴുകിയെത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 ഇംഗ്ലീഷ് ലീഗ് കിരീടമെന്ന റെക്കാഡിനൊപ്പമെത്താനും ഇതോടെ ലിവർപൂളിനായി. പ്രീമിയർ ലീഗിൽ ചുമതലയേറ്റ ആദ്യ സീസണിൽത്തന്നെ ടീമിനെ ചാമ്പ്യന്മാരാക്കിയ ഹോസെ മൗറീന്യൊ, കാർലോ ആഞ്ചലോട്ടി, മാനുവൽ പെല്ലിഗ്രിനി, അന്റോണിയൊ കോണ്ടെ എന്നിവരുടെ നിരയിൽ സ്ഥാനംനേടാനും ആർനെ സ്ലോട്ടിനായി. പ്രീമിയർ ലീഗിൽ കിരീടംനേടുന്ന ആദ്യ ഡച്ച്‌ കോച്ചെന്ന റെക്കോഡും യർഗൻ ക്ലോപ്പിന്റെ പിൻഗാമിയായെത്തിയ സ്ലോട്ടിന്‍റെ പേരിലായി.

Tags:    
News Summary - liverpool won premier league 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.