മഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ ചാമ്പ്യന്മാരായ ലിവർപൂളിന്റെ പോർചുഗീസ് താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തിൽ മരണപ്പെട്ടു. സ്പെയിനിലെ സമോറയിൽ നടന്ന അപകടത്തിൽ താരത്തിന്‍റെ സഹോദരൻ ആൻഡ്രെ സിൽവയും മരിച്ചിട്ടുണ്ടെന്ന് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് താരം യാത്ര ചെയ്ത ഒരു ലംബോർഗിനി കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് താരത്തിന്‍റെ വിവാഹം നടന്നത്. ദീർഘകാല പങ്കാളിയായിരുന്ന റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്, അവർക്ക് മൂന്ന് കുട്ടികളുണ്ട്.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. മരണപ്പെട്ട ജോട്ടയുടെ സഹോദരൻ 26 കാരനായ ആൻഡ്രെ സിൽവ പോർച്ചുഗീസ് രണ്ടാം നിര ക്ലബ്ബായ പെനാഫിയേലിന്‍റെ താരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.