ഗോൾനേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സലാഹും ഡൊമിനിക് സൊബോസ്‍ലായിയും

വീണ്ടും സലാഹ്, ഒപ്പം സൊബോസ്‍ലായ്..ഇത്തിഹാദിൽ സിറ്റിയെ പൊളിച്ചടുക്കി ലിവർപൂൾ 11 പോയന്റ് മുന്നിൽ

ലണ്ടൻ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ കയറി മാഞ്ചസ്റ്റർ സിറ്റിയെ പൊളിച്ചടുക്കി മുഹമ്മദ് സലാഹും കൂട്ടരും. നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മുക്കി ലിവർപൂൾ കിരീട മോഹങ്ങൾ വർണാഭമാക്കി. 14-ാം മിനിറ്റിൽ തന്റെ ഇടങ്കാലിൽനിന്ന് പായിച്ച വെടിയുണ്ടയാൽ സിറ്റിക്ക് ആദ്യ പ്രഹരം നൽകിയ സലാഹ് 37-ാം മിനിറ്റിൽ ഡൊമിനിക് സൊബോസ്‍ലായിക്ക് രണ്ടാം ഗോളിലേക്ക് അവസരം ഒരുക്കിക്കൊടുത്തു.

ലിവർപൂളിന്റെ ക്ലിനിക്കൽ പന്തടക്കത്തിനുമുന്നിൽ സിറ്റി നിഷ്പ്രഭമാകുന്ന കാഴ്ചയായിരുന്നു ഇത്തിഹാദിൽ. അലക്സിസ് മക് അലിസ്റ്റർ കൗശലപൂർവം തൊടുത്ത ഒരു കോർണർ കിക്കിൽനിന്ന് ആദ്യഗോളിന് സൊബോസ്‍ലായിയാണ് സലാഹിന് പന്ത് തട്ടിനീക്കിയത്. ഈജിപ്തുകാരന്റെ ഷോട്ട് എതിർ ഡിഫൻഡറുടെ കാലിൽതട്ടി വലയിലേക്ക് പാഞ്ഞുകയറുമ്പോൾ എഡേഴ്സൺ കാഴ്ചക്കാരൻ മാത്രമായി. പ്രായം കൂടുന്തോറും വീര്യം കൂടുന്ന സലാഹിന്റെ ഈ സീസണിലെ 25-ാമത് പ്രീമിയർ ലീഗ് ഗോളായിരുന്നു അത്.

ത്രൂപാസ് പിടിച്ചെടുത്ത് ബോക്സിലേക്ക് കട്ടുചെയ്തു കയറിയ സലാഹ് ക്ലോസ് റേഞ്ചിൽ കാത്തുനിൽക്കുകയായിരുന്ന സൊബോസ്‍ലായിക്ക് പന്ത് കൈമാറി. ഹംഗറിക്കാരന്റെ നിലംപറ്റെയുള്ള ഫസ്റ്റ്ടൈം ഷോട്ട് തടയാനെത്തിയ ഡിഫൻഡറു​ടെ കാലിനിടയിലൂടെ വലയിലേക്ക് ഉരുണ്ടുകയറുമ്പോൾ വീണ്ടും എഡേഴ്സണ് റോളൊന്നുമുണ്ടായിരുന്നില്ല.

രണ്ടാം പകുതിയിൽ സിറ്റി പന്തിന്മേൽ നിയന്ത്രണം പിടിക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കൽപോലും ലിവർപൂളിനുമേൽ മാനസികമായി കരുത്താർജിക്കാൻ അവർക്ക് കഴിഞ്ഞില്ല. 57-ാം മിനിറ്റിൽ മൂന്നാം തവണയും സിറ്റിയുടെ വലക്കുള്ളിലേക്ക് ലിവർപൂൾ പന്തടിച്ചു കയറ്റിയിരുന്നു. സൊബോസ്‍ലായിയുടെ പാസിൽ കർട്ടിസ് ജോൺസിന്റെ ഫിനിഷിങ് ലിവർപൂൾ ആരാധകർ ആഘോഷിക്കുന്നതിനിടയിൽ റഫറി ‘വാറി’ന്റെ സഹായം തേടി. സാ​ങ്കേതികതയുടെ ഓഫ്സൈഡ് അളവുകളിൽ കുടുങ്ങി കർട്ടിസിന്റെ ‘ഗോൾ’ റദ്ദായി. വീണ്ടും ഗോൾനില 2-0.

തുടർന്നും ആഞ്ഞുകയറിയ ലിവർപൂൾ പല തവണ ഗോളിനടു​ത്തെത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ കേളികേട്ട പ്രതിരോധം ആടിയുലയുന്നത് മത്സരത്തിലെ പതിവുകാഴ്ചയായി. ഒരു തവണ ഡയസിന്റെ ഗോളെന്നുറച്ച തകർപ്പൻ ഷോട്ട് എഡേഴ്സൺ പറന്നുവീണാണ് തട്ടിയകറ്റിയത്.

ജയത്തോടെ ഒന്നാം സ്ഥാനത്ത് 11 പോയന്റിന്റെ ലീഡാണ് ലിവർപൂളിനുള്ളത്. 27 കളികളിൽ ലിവർപൂളിന് 64ഉം 26 കളികളിൽ ആഴ്സനലിന് 53ഉം പോയന്റാണുള്ളത്. 47 പോയന്റുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാമതും 44 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാമതുമാണ്. ന്യൂകാസിൽ യുനൈറ്റഡിനും 44 പോയന്റാണുള്ളത്.

Tags:    
News Summary - Liverpool cruise past Man City to go 11 points clear at top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.