ഇംഗ്ലണ്ട്: ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു. മൊത്തം ലീഗ് കിരീടങ്ങളിൽ ഇപ്പോൾ ഒപ്പത്തിനൊപ്പമാണെങ്കിലും സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിലാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നത്.
ഡിലോയ്റ്റ് ഫുട്ബാൾമണി ലീഗ് പുറത്തുവിട്ട വിവരമനുസരിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ടീമായി നിലവിലെ ജേതാക്കളായ ലിവർപൂൾ.
ഡിലോയിറ്റിന്റെ റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ലബുകളിൽ ലിവർപൂൾ 829 മില്യൺ യൂറോയുമായി അഞ്ചാം സ്ഥാനത്താണ്. ക്ലബിന്റെ ഏറ്റവും മോശം റാങ്കിങ്ങുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ്.
793 മില്യൺ യൂറോയാണ് യുനൈറ്റഡിന്റെ വരുമാനം. സമീപ സീസണിൽ ചാമ്പ്യന്മാരായതും ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചതുമാണ് ലിവർപൂളിന്റെ വരുമാനം കുത്തനെ കൂടാൻ കാരണം.
കഴിഞ്ഞ കുറച്ച് സീസണുകളിലായി നടത്തുന്ന മോശം പ്രകടനങ്ങളാണ് യുനൈറ്റഡിനെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന് യോഗ്യത നേടാതിരുന്നതും യുനൈറ്റഡിനെ വരുമാനം കുത്തനെ ഇടിക്കുന്നതിന് കാരണമായി.
ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബാൾ ക്ലബുകളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇക്കുറിയും സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് തന്നെയാണ്. 1.16 ബില്യൺ യൂറോയാണ് റയൽ മഡ്രിഡിന്റെ വരുമാനം.
കഴിഞ്ഞ സീസണിൽ ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടാൻ കഴിയാതിരുന്നിട്ടും റയലിന്റെ വരുമാനത്തിൽ കുറവുണ്ടായില്ല. രണ്ടാം സ്ഥാനത്ത് റയലിന്റെ ബദ്ധവൈരികളായ ബാഴ്സലോണയാണ്.
ബാഴ്സക്ക് 975 മില്യൺ യൂറോയാണ് വരുമാനം. മൂന്നാം സ്ഥാനത്ത് ജർമൻ അതികായരായ ബയേൺ മൂണിക്കാണ്. 861 മില്യൺ യൂറോയാണ് ബുണ്ടസ് ലിഗ വമ്പന്മാരുടെ വരുമാനം.
നാലാം സ്ഥാനത്ത് 837 മില്യൺ യൂറോയുമായി പാരിസ് ജെർമനാണുള്ളത്. മാഞ്ചസ്റ്റർ സിറ്റി ആറാം സ്ഥാനത്തും (829 മില്യൺ യൂറോ), ആഴ്സണൽ ഏഴാം സ്ഥാനത്തുമാണുള്ളത് (822 മില്യൺ യൂറോ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.