‘ആൻഫീൽഡ് കാട്ടി’ൽ കുടുങ്ങി ഗണ്ണേഴ്സ്; ആദ്യ നാലിലേക്കില്ലെന്ന് തീരുമാനിച്ച് ചെമ്പട

ആൻഫീൽഡിൽ കളി ജയിക്കൽ ശരിക്കും മൃഗശാലയിൽ പരിശീലിച്ച് കാട്ടിൽ അങ്കത്തിനിറങ്ങുംപോലെയാണെന്ന് ആഴ്സണൽ കോച്ച് ആർട്ടേറ്റ നേരത്തെ മുന്നറിയിപ്പ് നൽകിയത് ശരിയായി. രണ്ടു ഗോളിന് ലീഡ് പിടിക്കുകയും പലപ്പോഴും ആധിപത്യം ​നിലനിർത്തുകയും ചെയ്തിട്ടും അവസാനം വഴങ്ങിയ രണ്ടു ഗോളിന് സമനിലയുമായി ഗണ്ണേഴ്സ് മടങ്ങി. സമനില നൽകിയ ​ഒരു പോയിന്റ് ബലത്തിൽ പ്രിമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലീഡ് ആറു പോയിന്റായെങ്കിലും സിറ്റിക്ക് എളുപ്പം പിടിക്കാവുന്ന അകലത്തിലായി.

ലിവർപൂളിനെക്കാൾ ആഴ്സണലിന് നിർണായകമായിരുന്നു ആൻഫീൽഡിലെ മത്സരം. കിരീടം നിലനിർത്താനുറച്ച് അങ്കം കൊഴുപ്പിച്ച് രംഗത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി പോയിന്റ് അകലം കൂട്ടി ‘സേഫ് സോണി’ൽ നിൽക്കലായിരുന്നു ടീമിന് ലക്ഷ്യം. ജയിച്ചാൽ 2012നു ശേഷം ആദ്യമായി ആൻഫീൽഡിൽ ജയിക്കാനായെന്ന ആശ്വാസവും.

എന്നാൽ, പ്രായോഗികമായി ആദ്യ നാലിൽനിന്ന് പുറത്തായ ടീമിന് കിട്ടാവുന്നിടത്തോളം പോയിന്റ് പിടിക്കാമെന്നായിരുന്നു ക്ലോപിനും കുട്ടികൾക്കും മുന്നിലെ സ്വപ്നം. 8ാം മിനിറ്റിൽ ഭാഗ്യം കൂടി കൂട്ടുനൽകിയ മാർട്ടിനെല്ലി ഗോളിൽ ഗണ്ണേഴ്സ് മുന്നിലെത്തി. 28ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് ലീഡ് കൂടി. എന്നാൽ, 40ാം മിനിറ്റിൽ ഗണ്ണേഴ്സ് താരം ഷാക നടത്തിയ ഫൗളോടെ കാര്യങ്ങൾ ആതിഥേയർക്കൊപ്പമായി. അതുവരെയും ഉഴറിനടന്നവർ പിന്നീട് മൈതാനം നിറഞ്ഞ നീക്കങ്ങളുമായി അതിവേഗ ഗെയിമിന്റെ തമ്പുരാക്കന്മായി. ചെമ്പട കളി കൊഴുപ്പിച്ചതോടെ ആദ്യ പകുതിയിൽ മറുപടി ഗോളുമെത്തി. സലാഹിന്റെ ബൂട്ടിൽനിന്നായിരുന്നു താരത്തിനും ടീമിനും പ്രതീക്ഷ പകർന്ന ഗോൾ.

ഇടവേള കഴിഞ്ഞ് ഇരു ടീമും അവസരങ്ങളുമായി ഗോൾമുഖം കയറിയിറങ്ങിയതോടെ സാധ്യതകളും മാറിമറിഞ്ഞു. അതിനിടെ, ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സലാഹ് പുറത്തേക്കടിച്ചുകളഞ്ഞു. തുടർച്ചയായ രണ്ടാം തവണയാണ് സലാഹ് പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. പിന്നെയും ഓടിനടന്ന ലിവർപൂൾ മുന്നേറ്റം കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഫർമീനോയിലൂടെ ഒപ്പം പിടിച്ചു. അലക്സാണ്ടർ ആർണൾഡ് ആയിരുന്നു അസിസ്റ്റ്. സലാഹും ഇബ്രാഹിമ കൊനാട്ടെയും രണ്ട് സുവർണാവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗണ്ണേഴ്സ് ഗോളി ആരോൺ റംസ്ഡെയിൽ രക്ഷകനായി. സമീപകാലത്ത് ആൻഫീൽഡ് സാക്ഷിയായ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ സമനിലയിൽ കൂടുതൽ അർഹിച്ചിരുന്നുവെന്ന് തെളിയിച്ചാണ് ആതിഥേയർ മൈതാനം വിട്ടത്.

സമനിലയോടെ 30 കളികളിൽ 73 പോയിന്റുള്ള ആഴ്സണൽ ഒന്നാംസ്ഥാനത്ത് ആറു പോയിന്റ് മുന്നി​ലാണെങ്കിലും ഒരു കളി കുറച്ചുകളിച്ച സിറ്റിക്ക് ഒപ്പമെത്താൻ അവസരമുണ്ട്. ഇരു ടീമുകളും തമ്മിൽ ഇത്തിഹാദ് മൈതാനത്ത് മത്സരം കൂടിയുള്ളതിനാൽ എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. 

Tags:    
News Summary - Livepool held in Anfield by Arsenal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.