2022ലെ മികച്ച പരിശീലകരുടെ അന്തിമപട്ടിക പ്രഖ്യാപിച്ച് ഫിഫ. അർജന്‍റീനക്ക് ലോക കിരീടം നേടികൊടുത്ത ലയണൽ സ്കലോണി, റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള എന്നിവരാണ് അവസാന പട്ടികയിൽ ഇടം നേടിയത്.
ആഫ്രിക്കൻ കരുത്തുമായെത്തിയ മൊറോക്കോയെ ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിലെത്തിച്ച വാലിദ് റെഗ്രഗുയിക്ക് അന്തിമ പട്ടികയിൽ ഇടംനേടാനായില്ല. വോട്ടെടുപ്പിൽ വാലിദ് പിന്നാക്കം പോയതാണ് തിരിച്ചടിയായത്. ദേശീയ ടീം പരിശീലകരും നായകരും തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളും ആരാധകരും ഓൺലൈനിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്.
യുവേഫ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ് കിരീട നേട്ടമാണ് ആഞ്ചലോട്ടിക്ക് നേട്ടമായത്. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് കിരീടം സിറ്റിക്കായിരുന്നു. ലോകകപ്പിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് റെഗ്രഗുയിയെ മൊറോക്കോയുടെ ദേശീയ പരിശീലകനായി നിയമിക്കുന്നത്. അന്താരാഷ്ട്ര വേദികളിൽ അറബ് പരിശീലകർക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ റെഗ്രഗുയി ചൂണ്ടിക്കാട്ടിയിരുന്നു.
2010ൽ ഫിഫ പരിശീലക പുരസ്കാരം ഏർപ്പെടുത്തിയതു മുതൽ ആഫ്രിക്കയിൽനിന്നുള്ള പരിശീലകരോ, ആഫ്രിക്കൻ ദേശീയ ടീം പരിശീലകരോ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. വോട്ടിങ് പാനൽ അംഗങ്ങളിൽ മൂന്നിൽ രണ്ടു പേരും മറ്റു ഭൂഖണ്ഡങ്ങളിൽനിന്നുള്ളവരായിട്ടും യൂറോപ്യൻ, തെക്കേ അമേരിക്കൻ പരിശീലകർ മാത്രമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്.
ഫെബ്രുവരി 27ന് അന്തിമ പേര് പ്രഖ്യാപിക്കും. ലയണൽ സ്കലോണിക്കാണ് സാധ്യത കൂടുതൽ. 2014, 2018 വർഷങ്ങളിൽ ലോകകപ്പ് നേടിയ ടീമുകളുടെ പരിശീലകരായ ഫ്രാൻസിന്‍റെ ദിദിയർ ദേഷാംപ്സ്, ജർമൻ പരിശീലകൻ ജോക്കിം ലോ എന്നിവർക്കായിരുന്നു പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.