‘കുട്ടികളേ..തല ഉയർത്തിപ്പിടിക്കൂ! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അണ്ടർ20 ലോകകപ്പ് ഫൈനലിൽ തോറ്റ അർജന്റീന താരങ്ങളെ ആശ്വസിപ്പിച്ച് മെസ്സി

ണ്ടർ 20 ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിൽ മൊറോക്കോയോട് തോറ്റ് കിരീടം അടിയറ വെക്കേണ്ടിവന്ന അർജന്റീന യുവതാരങ്ങൾക്ക് ആശ്വാസമായി ഇതിഹാസ താരം ലയണൽ മെസ്സിയുടെ സന്ദേശം. ​കലാശപ്പോരാട്ടത്തിലെ തോൽവിയിൽ തലകുനിക്കേണ്ടതി​ല്ലെന്നും ടൂർണമെന്റിൽ തകർപ്പൻ ഫോമിലാണ് നിങ്ങൾ പന്തുതട്ടിയെന്നും തന്റെ പിൻഗാമികളോട് മെസ്സി പറഞ്ഞു.

‘കുട്ടികളേ..നിങ്ങൾ തല ഉയർത്തിപ്പിടിക്കൂ! നിങ്ങൾ വളരെ പ്രശംസനീയമായ രീതിയിലാണ് ടൂർണമെന്റിൽ പന്തുതട്ടിയത്. നിങ്ങൾ കിരീടം ഉയർത്തുന്നതു കാണാൻ ഞങ്ങളേറെ ആഗ്രഹിച്ചിരുന്നുവെന്നത് നേരാണ്. പക്ഷേ, നിങ്ങൾ കാഴ്ചവെച്ച മികവും കുതിപ്പും ഞങ്ങൾക്ക് സന്തോഷം പകരു​ന്നുണ്ട്. ആ നീലയും വെള്ളയും ജഴ്സിയിൽ നിങ്ങൾ ഹൃദയം സമർപ്പിച്ച് കളിച്ചത് ഞങ്ങളെ ഏറെ അഭിമാനിതരാക്കുകയും ചെയ്യുന്നു’ -ഇൻസ്റ്റഗ്രാം പേജിൽ മെസ്സി കുറിച്ചു.

മുൻ അർജന്റീന താരം ഡീഗോ പ്ലാസെന്റെ പരിശീലിപ്പിച്ച അർജന്റീന ടീം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മൊറോക്കോയോട് തോൽവി വഴങ്ങിയത്. കളിയിൽ 76 ശതമാനം സമയവും പന്ത് നിയന്ത്രണത്തിൽ വെക്കുകയും നിരവധി അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്ത അർജന്റീനക്ക് ഫിനിഷിങ്ങിലെ പോരായ്മകളാണ് വിനയായത്.

ചിലി വേദിയായ അണ്ടർ 20​ ലോകകപ്പിന്റെ ഫൈനലിൽ മുഹമ്മദ് യാസിർ സാബിരിയുടെ ഇരട്ട ഗോളുകളാണ് ​മൊറോക്കോക്ക് ലോകകിരീടത്തിന്റെ തിളക്കം സമ്മാനിച്ചത്. കിരീടം ഉറപ്പിച്ച പോലെ കളത്തിലിറങ്ങിയ അർജന്റീന യുവനിരക്കെതിരെ ആഫ്രിക്കൻ ഫുട്ബാളിലെ പുത്തൻ പവർഹൗസായ മൊറോക്കോയുടെ ഇളമുറ സംഘം അവസരോചിത പ്രത്യാക്രമണങ്ങളിലൂന്നിയ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. കളിയുടെ 12-ാം മിനിറ്റിൽ അർജന്റീന ഗോൾ കീപ്പർ സാന്റിനോ ബാർബിയുടെ ഫൗളിന് ലഭിച്ച ഫ്രീകിക്കിൽ പ്രതിരോധ മതിലിനു മുകളിലൂടെ പന്തിനെ വലയിലേക്ക് ഏങ്കോണിച്ചുവിട്ടായിരുന്നു മൊറോക്കോയുടെ ആദ്യ ഗോൾ. കളി അരമണിക്കൂറാകവേ, ഉസ്മാനെ മാആമ തൊടുത്ത ക്രോസിൽ സാബരി രണ്ടാം ഗോളും ​കുറിച്ചു.

2022 ഖത്തർ ലോകകപ്പിൽ സെമി ഫൈനലിലെത്തി ലോക ഫുട്ബാളിന്റെ ശ്രദ്ധാകേന്ദ്രമായ മൊറോക്കോയുടെ ഇളമുറക്കാർ നേടിയ ലോകവിജയം നാടിന് മറ്റൊരു അഭിമാനമായി. അഷ്റഫ് ഹകിമിയും ഹകിം സിയകും ഉൾപ്പെടെയുള്ള താരങ്ങൾക്ക് പ്രതിഭാധനരായ പിൻഗാമികളുണ്ടെന്ന് മൊറോക്കോയുടെ ജെൻ സിയും അടിവരയിടുകയാണ്.

Tags:    
News Summary - Lionel Messi’s message to the Argentina U20 national team after U20 World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.