കുടുംബവുമായി ബാഴ്സലോണയിലിറങ്ങി മെസ്സി; കൂടെ 15 സ്യൂട്ട്കേസുകളും... കൂടുമാറ്റം എവിടെവരെയെത്തി?

പി.എസ്.ജിയിൽ കരാർ പുതുക്കാനില്ലെന്നും അടുത്ത സീസണിൽ ബാഴ്സലോണയിൽ തിരിച്ചെത്തുമെന്നും അഭ്യൂഹം സജീവമാകുന്നതിനിടെ ചിലതെല്ലാം ശരിവെച്ച് മെസ്സിയുടെ നീക്കങ്ങൾ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം താരം കുടുംബമൊത്ത് ബാഴ്സ നഗരത്തിലെത്തിയതാണ് മാധ്യമങ്ങൾ ആഘോഷമാക്കിയത്. എയ്ഞ്ചേഴ്സിനെതിരായ മത്സര ശേഷമായിരുന്നു പി.എസ്.ജിയിൽ നിന്ന് ദിവസങ്ങൾ അവധിയെടുത്ത് താരം സ്പാനിഷ് നഗരത്തിലെത്തിയത്. കുടുംബത്തെ കൂടെ കൂട്ടിയ മെസ്സി 15 സ്യൂട്ട് കേസുകൾ നിറയെ സാധനങ്ങളും കരുതിയതായും റിപ്പോർട്ടുകൾ പറയുന്നു.

കൂടുമാറ്റം സംബന്ധിച്ച് ഇരുവശത്തും നീക്കങ്ങൾ തകൃതിയാണ്. മെസ്സിക്ക് താൽപര്യം കുറവാണെന്ന് കണ്ട് പുതുക്കാനുള്ള ശ്രമങ്ങൾ പി.എസ്.ജി ഉപേക്ഷിച്ച മട്ടാണ്. മറുവശത്ത്, പഴയ സൂപർ ഹീറോയെ കാത്തിരിക്കുകയാണെന്ന് ബാഴ്സ മാനേജ്മെന്റും വ്യക്തമാക്കി കഴിഞ്ഞു. ജൂൺ 30നാണ് പി.എസ്.ജിയുമായി മെസ്സിയുടെ കരാർ അവസാനിക്കുക. അതുകഴിയുന്നതോടെ താരം ലാ ലിഗയിൽ തിരികെയെത്തുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കരാറിലൊപ്പുവെക്കുംവരെ ഇതുസംബന്ധിച്ച് പറയാനില്ലെന്ന നിലപാടിലാണ് ബാഴ്സ.

അതേ സമയം, താരം വന്നത് നഗരത്തിൽ പതിവായി നടക്കാറുള്ള ആ​ഷോഷത്തിന്റെ ഭാഗമാകാനാണെന്നും ഇതിന് ബാഴ്സ ക്ലബുമായി ബന്ധമില്ലെന്നും മറ്റു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടുത്ത സീസണിൽ മെസ്സിയെ സ്വന്തമാക്കാൻ ബാഴ്സലോണക്ക് വലിയ വില നൽകേണ്ടിവരുമെന്നുറപ്പാണ്. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താൻ ചില താരങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കുന്നതായി സൂചനയുണ്ട്. ഫ്രാങ്ക് കെസ്സി, റഫീഞ്ഞ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ എന്നീ പ്രമുഖരെയാകും ഇതിനായി കറ്റാലൻമാർ കൈയൊഴി​യുക.

മെസ്സി തിരിച്ചെത്തുമെന്ന് അടുത്തിടെ ബാഴ്സ പ്രസിഡന്റ് യൊആൻ ലപോർട്ട വ്യക്തമാക്കിയിരുന്നു. ഇതേ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയിലായിരുന്നു ലപോർട്ടയുടെ പ്രതികരണം.

അ​തേ സമയം, ഫ്രാങ്ക് കെസ്സിയുൾപെടെ താരങ്ങളെ വിറ്റഴിക്കാൻ ക്ലബ് തയാറായാൽ ഏറ്റെടുക്കാൻ പ്രമുഖരുടെ നിര തന്നെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കെസ്സിക്കായി ഇന്റർ മിലാൻ, ടോട്ടൻഹാം ടീമുകളാണ് മുന്നിലുള്ളത്.

Tags:    
News Summary - Lionel Messi travels to Barcelona with his family... and 15 suitcases!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.