അർജന്റീന ഒരുങ്ങുന്നു; മെസ്സിയുടെ അവസാന ഔദ്യോഗിക മത്സരത്തിന് വേദിയൊരുക്കാൻ

ബ്വേനസ്ഐയ്റിസ്: കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തിനിടയിലെ ഏറ്റവും വൈകാരികമായൊരു ദിനത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കകയാണ് അർജന്റീന. സാമ്പത്തികമായും സാമൂഹികമായും തകർന്നുപോയൊരു രാജ്യത്തെ കാൽപന്തഴകിലൂടെ കൈപിടിച്ചുയർത്തിയ ‘മിഷിഹ’ നിയോഗം പൂർത്തിയാക്കി കളംവിടാൻ ഒരുങ്ങുമ്പോൾ നൽകിയതിനെല്ലാം അർജന്റീന നന്ദി പറഞ്ഞുതുടങ്ങുന്നു. 2026 ലോകകപ്പിലേക്ക് ഇനിയും ദൂരമുണ്ടെങ്കിലും, അർജന്റീന മണ്ണിൽ ലയണൽ മെസ്സിയുടെ അവസാന ഔദ്യോഗിക മത്സരം അരികിലെത്തി. സെപ്റ്റംബർ നാലിന് വെനിസ്വേലക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം അർജന്റീന മണ്ണിൽ ലയണൽ മെസ്സിയുടെ അവസാന ഔദ്യോഗിക മത്സരമായി മാറും.

2026 ജൂണിൽ ആരംഭിക്കുന്ന ലോകകപ്പ് വരെ ലയണൽ മെസ്സി അർജന്റീനക്കായി കളിക്കുമെന്നുറപ്പാണ്. എന്നാൽ, സെപ്റ്റംബർ നാലിലെ യോഗ്യതാ മത്സരത്തിനു ശേഷം സമീപകാലത്തൊന്നും സ്വന്തം മണ്ണിൽ അർജന്റീനക്കൊരു ഒരു ഔദ്യോഗിക മത്സരമില്ലെന്നതിനാൽ, തങ്ങളുടെ ഇതിഹാസ താരത്തിന് പദവിക്കൊത്തൊരു യാത്രയയപ്പ് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരിപ്പോൾ.

ബ്വേനസ് ഐയ്റിസിലെ മോണ്യൂമെന്റൽ സ്റ്റേഡിയത്തിലാണ് അർജന്റീനയും വെനിസ്വേലയും തമ്മിലെ അങ്കം. സെപ്റ്റംബർ ഒമ്പതിന് എക്വഡോറിലാണ് ലോകകപ്പിലെ അവസാന യോഗ്യതാ മത്സരം. ഇതുകഴിഞ്ഞ് 2026 മാർച്ചിലായിരിക്കും അർജന്റീന മറ്റൊരു ഔദ്യോഗിക അങ്കത്തിനിറങ്ങുന്നത്. യൂറോപ്യൻ ചാമ്പ്യന്മാരായ ​സ്​പെയിനിനെതിരായ ‘ഫൈനലിസിമ’ നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുന്നത്. പിന്നാലെ, അമേരിക്ക-മെക്സികോ-കാനഡ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പും എത്തുകയായി.

ഇതിനിടയിൽ സൗഹൃദ-സന്നാഹ മത്സരങ്ങൾ നടക്കാമെങ്കിലും ഔദ്യോഗിക ഷെഡ്യൂൾ മത്സരമല്ലെന്നതിനാൽ സെപ്റ്റംബർ നാലിന്റെ യോഗ്യതാ റൗണ്ടിലെ കളി കരിയർ അവസാനിപ്പിക്കും മുമ്പേ പിറന്ന നാട്ടിൽ മെസ്സിയുടെ ‘ഗുഡ് ബൈ’ ​അങ്കമായി മാറും.

വെനിസ്വേലക്കെതിരായ മത്സരം വെറുമൊരു യോഗ്യതാ റൗണ്ട് ആയിരിക്കില്ലെന്ന് ഫുട്ബാൾ ആരാധക ലോകവും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ തങ്ങൾക്കെല്ലാം സമ്മാനിച്ച നായകന് ‘താങ്ക്യൂ’ പറയാനുള്ള അവസരമാക്കി മാറ്റാൻ ഒരുങ്ങുകയാണ് അർജന്റീനക്കാർ.

2022 ലോകകപ്പ് ഫുട്ബാൾ കിരീടവും, രണ്ട് കോപ അമേരിക്ക കിരീടങ്ങളും ഉൾപ്പെടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അർജന്റീന ഫുട്ബാളിനും രാഷ്ട്രത്തിനും ഉയിർത്തെഴുന്നേൽകാൻ എല്ലാം സമ്മാനിച്ച താരത്തിന് ​ഹൃദ​യത്തോട് ചേർത്തു തന്നെ നന്ദി പറയുകയാണ് നാട്.

ലോകകപ്പ് യോഗ്യതാ തെക്കനേമരിക്കൻ റൗണ്ടിൽ നിലവിൽ 18ൽ 16 മത്സരവും പൂർത്തിയായപ്പോൾ 11ജയവും മൂന്ന് തോൽവിയും രണ്ട് സമനിലയുമായി 35 പോയന്റുമായി ഒന്നാം സ്ഥാനക്കാരാണ് അർജന്റീന. 

Tags:    
News Summary - Lionel Messi To Bid Farewell, Plans To Play Final Official Match On Home Soil Before FIFA World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.