ഇതിഹാസം @900, ഗോ​ൾവേട്ടയിൽ പുതിയ നാഴികക്കല്ല് താണ്ടി മെസ്സി

ലോക ഫുട്ബാൾ ചരിത്രത്തിൽ 900 കരിയർ ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഇനി ലയണൽ മെസ്സിക്ക് സ്വന്തം. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്‌വിൽ എസ്‌.സിക്കെതിരായ മത്സരത്തിലാണ് ഇന്റർ മയാമിക്കായി താരം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ടെന്നസിയിലെ ജിയോഡിസ് പാർക്കിൽ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോൾ.

തന്‍റെ 38-ാം വയസ്സിലും വിസ്മയിപ്പിക്കുന്ന പ്രകടനം തുടരുന്ന മെസ്സി, 2023 ജൂണിൽ ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം ഇതുവരെ 92 മത്സരങ്ങളിൽ നിന്ന് 81 ഗോളുകൾ നേടിയിട്ടുണ്ട്. മയാമിയെ ലീഗ് കപ്പ്, എം.എൽ.എസ് കപ്പ് കിരീടങ്ങളിലേക്ക് നയിക്കുന്നതിലും മെസ്സി നിർണ്ണായക പങ്കുവഹിച്ചു.

ബാഴ്‌സലോണക്കായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ, പി.എസ്.ജിക്ക് വേണ്ടി 75 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ. ഇന്റർ മയാമിയിൽ നിന്നും 81 ഗോളുകൾ എന്നിങ്ങനെയാണ് ക്ലബ്ബ് ഫുട്ബോളിൽ മെസ്സിയുടെ ഗോൾ വേട്ടയുടെ കണക്കുകൾ. ഇതിനുപുറമെ രാജ്യാന്തര മത്സരങ്ങളിൽ അർജന്റീനക്കായി 196 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളും നേടിയിട്ടുണ്ട്.

ആകെ നേടിയ 900 ഗോളുകളിൽ 755 ഗോളുകളും തന്‍റെ ഇടം കാല് കൊണ്ടായിരുന്നു. വലതുകാല് കൊണ്ട്111 ഗോളുകൾ നേടിയപ്പോൾ ഹെഡ്ഡറിലൂടെ 30 ഗോളുകളും താരം കുറിച്ചിട്ടുണ്ട്. പെനാൽറ്റിയിൽ നിന്നും 112, ഫ്രീ കിക്കിലൂടെ 70 എന്നിങ്ങനെയാണ് ഗോൾനിരക്കുകൾ.

ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് സ്പാനിഷ് ക്ലബ്ബുകളായ സെവിയ്യ (25), അത്‌ലറ്റിക് ക്ലബ് (24), അത്‌ലറ്റിക്കോ മാഡ്രിഡ് (23) എന്നീ ടീമുകൾക്കെതിരെയാണ്. എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിന് ശേഷവും തന്റെ ഗോൾവേട്ട തുടരുകയാണ്.

മുന്നിൽ റൊണാൾഡോ മാത്രം

ഫുട്ബാൾ ചരിത്രത്തിൽ മെസ്സിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് 900 ഗോൾ ക്ലബ്ബിലുള്ളത്. 1,236-ാം മത്സരങ്ങളിൽ നിന്നാണ് റെണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. 41 കാരനായ റൊണാൾഡോ നിലവിൽ 959 ഗോളുകളുമായി പട്ടികയിൽ ഒന്നാമതാണ്. പെലെ (778 ഔദ്യോഗിക ഗോളുകൾ), റൊമാരിയോ (785 ഗോളുകൾ) എന്നിവരാണ് മെസ്സിക്കും റൊണാൾഡോയ്ക്കും പിന്നിലുള്ള പ്രമുഖർ.

Tags:    
News Summary - Lionel Messi Reaches Historic 900 Career Goals Milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.