മെസ്സി നൽകിയ സ്നേഹസമ്മാനം വെളിപ്പെടുത്തി ടെന്നീസ് ഇതിഹാസം നദാൽ!

ഖത്തറിന്റെ ഹൃദയമായ ലുസൈൽ സ്റ്റേഡിയത്തിന്റെ മുറ്റത്ത് ലയണൽ മെസ്സിയും സംഘവും ലോക ഫുട്ബാളിലെ വിശ്വകിരീടം നേടിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. 2022 ഡിസംബർ 18ന് ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് അർജന്‍റീന ലോകകപ്പ് കിരീടം നേടുന്നത്.

36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്‍റീന ലോക കിരീടത്തിൽ വീണ്ടും മുത്തമിട്ടത്. വിശ്വകിരീടത്തിലേക്ക് മുന്നിൽനിന്ന് നയിച്ചത് അർജന്റീനയുടെ 'ജീവാത്മാവും പരത്മാവു'മായ സാക്ഷാൽ മെസ്സിയായിരുന്നു. തന്റെ കരിയറിലെ ഏറ്റവും ഭ്രാന്തമായ ഒരു വർഷമാണ് കടന്നുപോയതെന്ന് മെസ്സി കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, മെസ്സി തനിക്ക് നൽകിയ സ്നേഹസമ്മാനങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ അർജന്‍റീനയുടെ വിജയത്തിന്‍റെ വാർഷികം ആഘോഷിച്ചത്.

തന്‍റെ കൈയൊപ്പ് പതിപ്പിച്ച അർജന്‍റീനൻ ദേശീയ ടീമിന്‍റെ ജഴ്സിയും താരം ഉപയോഗിച്ച ബൂട്ടും ഫുട്ബാളുമാണ് മെസ്സി നദാലിന് സമ്മാനിച്ചത്. സ്പെയ്നിലെ മനാകോറിലെ തന്‍റെ ടെന്നീസ് അക്കാദമിയിൽ ഇതെല്ലാം ചില്ലിനുള്ളിൽ മനോഹരമായി നദാൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ചിത്രമാണ് അർജന്‍റീന ലോകകപ്പ് കിരീടം നേടിയതിന്‍റെ ഒന്നാം വാർഷികത്തിൽ നദാൽ അക്കാദമി അവരുടെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ‘റാഫക്ക്, വളരെ സ്നേഹത്തോടെയും ആരാധനയോടെയും’ എന്നാണ് ജഴ്സിയിൽ മെസ്സി എഴുതിയിരിക്കുന്നത്.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നദാൽ ഏറെ നാളായി കളത്തിനു പുറത്താണ്. ഈ വർഷത്തെ നാലിൽ മൂന്നു ഗ്രാൻഡ് സ്ലാമുകളും താരത്തിന് നഷ്ടമായി. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് മുൻ ഒന്നാം നമ്പർ കൂടിയായ നദാൽ വിശേഷിപ്പിക്കപ്പെടുന്നത്. 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ താരത്തിന്‍റെ പേരിലുണ്ട്. ഇതിൽ 14 എണ്ണം ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളാണ്. അതുകൊണ്ടു തന്നെ കളിമൺ കോർട്ടിലെ രാജാവ് എന്നാണ് താരം അറിയപ്പെടുന്നത്. ഈ വർഷം ആസ്ട്രേലിയൻ ഓപ്പണിൽ മാത്രമാണ് താരം കളിച്ചത്. രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി.

Tags:    
News Summary - Lionel Messi gifts Rafael Nadal special jersey from World Cup triumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.