ഫ്ലോറിഡ: സൂപ്പർതാരം ലയണൽ മെസ്സി പരിക്കേറ്റ് മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ കളം വിട്ടെങ്കിലും ലീഗ്സ് കപ്പിൽ ഷൂട്ടൗട്ടിൽ ജയം പിടിച്ചെടുത്ത് ഇന്‍റർ മയാമി. മെക്സിക്കൻ ക്ലബ് നെകാക്സയെയാണ് മയാമി വീഴ്ത്തിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. 5-4 എന്ന സ്കോറിനാണ് മയാമിയുടെ ജയം. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന ലീഗ്സ് കപ്പ് ഗ്രൂപ്പ് റൗണ്ടിൽ മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ നെകാക്സയുടെ ബോക്സിലേക്ക് ഡ്രിബിൾ ചെയ്ത് മുന്നേറുന്നതിനിടെ എതിർ താരങ്ങൾ മെസ്സിയെ വീഴ്ത്തി.
പേശികൾക്ക് പരിക്കേറ്റ മെസ്സി കളി തുടർന്നെങ്കിലും ഓടാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പിന്നാലെ ഗ്രൗണ്ടിൽ കിടന്ന താരം വൈദ്യസഹായം തേടിയതിനുശേഷമാണ് കളംവിട്ടത്. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ജോഡി ആൽബ നേടിയ ഗോളിലാണ് മയാമി മത്സരം ഷൂട്ടൗട്ടിലെത്തിച്ചത്.
മെസ്സി ഗ്രൗണ്ട് വിട്ട് ഒരു മിനിറ്റിനുള്ളിൽ തന്നെ ടെലസ്കോ സെഗോവിയയിലൂടെ മയാമി ലീഡെടുത്തു. 17ാം മിനിറ്റിൽ മക്സിമിലിയാനോ ഫാൽകൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മയാമി പത്തു പേരിലേക്ക് ചുരുങ്ങി. 33ാം മിനിറ്റിൽ തോമസ് ബദലോനിയിലൂടെ മെക്സിക്കൻ ക്ലബ് ഒപ്പമെത്തി. 1-1 സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. 60ാം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡും വാങ്ങി ക്രിസ്റ്റ്യൻ കാൽഡെറോൺ പുറത്തുപോയതോടെ നകാക്സയും പത്തുപേരായി. 81ാം മിനിറ്റിൽ മയാമി ആരാധകരെ ഞെട്ടിച്ച് റിക്കാർഡോ മോൺറിയലിലൂടെ നകാക്സ ലീഡെടുത്തു.
തോൽവി ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ രണ്ടാംമിനിറ്റിൽ ജോഡി ആൽബ ടീമിന്‍റെ രക്ഷകനാകുന്നത്. മത്സരം ഷൂട്ടൗട്ടിലേക്ക്. അഞ്ചു ഷോട്ടുകളും മയാമി താരങ്ങൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ നകാക്സയുടെ ഒരു ഷോട്ട് മയാമി ഗോൾകീപ്പർ റോക്കോ റിയോസ് നോവോ തടുത്തിട്ടു. യുറുഗ്വായ് വെറ്ററൻ താരം ലൂയിസ് സുവാരസാണ് മയാമിയുടെ വിജയ കിക്കെടുത്തത്.
മെസ്സിയുടെ പരിക്ക് ഗുരുതരമാണോ എന്നതിൽ വ്യക്തതയില്ല. കരിയറിലുടനീളം മെസ്സിയെ പേശിയിലെ പരിക്ക് വലക്കുന്നുണ്ട്. സീസണിൽ മയാമിക്കായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽനിന്നായി മെസ്സി 30 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എം.എൽ.എസിൽ മാത്രം 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് മെസ്സിയുടെ പേരിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.