ഫ്ലോറിഡ: ഇന്‍റർ മയാമിയുടെ ചരിത്രത്തിലെ ആദ്യ മേജർ കിരീട നേട്ടം മതിമറന്ന് ആഘോഷിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സിയും സഹതാരങ്ങളും ആരാധകരും. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ വാൻകൂവർ വൈറ്റ്കാപ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മയാമി വീഴ്ത്തിയത്. മെസ്സി രണ്ടു അസിസ്റ്റുമായി തിളങ്ങി.
സ്റ്റേഡിയത്തിൽ ആരാധകരെ സാക്ഷി നിർത്തി നടത്തിയ ആഘോഷം പിന്നീട് ഡ്രസ്സിങ് റൂമിലേക്കും നീണ്ടു. മെസ്സിയും സംഘവും എം.എൽ.എസ് കപ്പുമായി ഷാപെയ്ൻ ആഘോഷം പൊടിപൊടിക്കുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്ലബിന്‍റെ സഹ ഉടമയും ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസവുമായ ഡേവിഡ് ബെക്കാമും ആഘോഷത്തിൽ പങ്കുചേരുന്നുണ്ട്. മേജര്‍ സോക്കര്‍ ലീഗില്‍ (എം.എൽ.എസ്) ഇന്‍റർ മയാമി നിലനില്‍പ്പിനായി പൊരുതുന്ന 2023ലാണ് പി.എസ്.ജി വിട്ട് മെസ്സി ടീമിലെത്തുന്നത്. രണ്ടു വര്‍ഷത്തിനുശേഷം അതേ മെസ്സിയിലൂടെ മയാമി എം.എല്‍.എസ് കപ്പ് നേടി ചരിത്രവും കുറിച്ചു.
താരത്തിന്‍റെ കരിയറിലെ 48ാം കിരീടമാണിത്. മയാമിക്കൊപ്പം മെസ്സി നേടുന്ന മൂന്നാമത്തെ കിരീടമെന്ന പ്രത്യേകതയുമുണ്ട്. 2023ൽ ലീഗ്സ് കപ്പിലും 2014ൽ സപ്പോർട്ടേഴ്സ് ഷീൽഡിലും മയാമി ജേതാക്കളായിരുന്നു. ഈ നിമിഷത്തിനുവേണ്ടിയാണ് താനും ടീമും കാത്തിരുന്നതെന്ന് മത്സരശേഷം മെസ്സി പറഞ്ഞു. ടൂർണമെന്‍റിലെ ഏറ്റവും വിലയേറിയ താരമായി മെസ്സി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സീസണിൽ ആറു ഗോളുകൾ നേടിയ താരം, 15 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
ഫൈനലിൽ റോഡ്രിഗോ ഡി പോൾ (71ാം മിനിറ്റിൽ), ടാഡിയോ അല്ലെൻഡെ (90+6) എന്നിവരാണ് മയാമിക്കായി വലകുലുക്കിയത്. ഈ രണ്ടു ഗോളിനും വഴിയൊരുക്കിയത് മെസ്സിയാണ്. മറ്റൊന്ന് എഡിയർ ഒകാമ്പിന്‍റെ വക ഓൺ ഗോളായിരുന്നു (എട്ട്). അലി അഹ്മദാണ് (60) വാൻകൂവറിനായി ആശ്വാസ ഗോൾ നേടിയത്.
മുൻ ജർമൻ താരം തോമസ് മുള്ളറുടെ വാൻകൂവറിനെതിരെ മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ മയാമി ലീഡെടുത്തു. ബോക്സിനുള്ളിൽ ടാഡിയോ അല്ലെൻഡോ നൽകിയ ക്രോസ് വൻകൂവർ താരം എഡിയർ ഒകാമ്പിന്‍റെ കാലിൽ തട്ടി നേരെ വലയിൽ കയറി. വൈകാതെ വാൻകൂവറും മത്സരത്തിൽ താളം വീണ്ടെടുത്തു. മുള്ളറുടെ ഹെഡ്ഡർ മയാമി ഗോൾ കീപ്പർ കൈയിലൊതുക്കി. മുന്നേറ്റ താരത്തിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ വാൻകൂവർ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. ഒടുവിൽ 60ാം മിനിറ്റിൽ അലി അഹ്മദിലൂടെ മത്സരത്തിൽ ഒപ്പമെത്തി. താരത്തിന്‍റെ ഷോട്ട് ഗോൾ കീപ്പർ റോക്കോ റിയോസ് നോവോയുടെ കൈയിൽ തട്ടി വലയിൽ കയറി. 71ാം മിനിറ്റിൽ ഡി പോളീലൂടെ മയാമി വീണ്ടും ലീഡെടുത്തു.
വാൻകൂവർ താരത്തിന്‍റെ കാലിൽനിന്ന് പന്ത് തട്ടിയെടുത്ത് മെസ്സി മുൻ അർജന്‍റൈൻ സഹതാരത്തിന് നൽകുമ്പോൾ മുന്നിൽ ഗോൾ കീപ്പർ മാത്രം. പന്തുമായി മുന്നേറിയ ഡി പോൾ പിഴവുകളില്ലാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇൻജുടി ടൈമിന്‍റെ അവസാന മിനിറ്റിൽ അല്ലെൻഡെ ഗോൾ പട്ടിക പൂർത്തിയാക്കി. ഈ ഗോളിനും വഴിയൊരുക്കിയത് മെസ്സിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.