വാഷിങ്ടൺ: ഇതിഹാസ താരം ലയണൽ മെസ്സിയുടെ നായകത്വത്തിൽ ഇന്റർ മയാമി ആദ്യമായി മേജർ ലീഗ് സോക്കർ (എം.എൽ.എസ്) കപ്പ് ഫൈനലിൽ. ഈസ്റ്റേൺ കോൺഫറൻസ് േപ്ല ഓഫിൽ ന്യൂയോർക്ക് സിറ്റി എഫ്.സിയെ 5-1ന് തകർത്ത് ചാമ്പ്യന്മാരായാണ് മയാമിയുടെ കന്നി ഫൈനൽ പ്രവേശനം. സാൻ ഡീഗോ എഫ്.സിയും വാൻകൂവർ വൈറ്റ്കാപ്സും തമ്മിലുള്ള വെസ്റ്റേൺ കോൺഫറൻസ് േപ്ലഓഫ് ചാമ്പ്യന്മാരെ ഇന്റർ മയാമി ഫൈനലിൽ നേരിടും.
അർജൈന്റൻ ഫോർവേഡ് ടാഡിയോ അയെൻഡെയുടെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് മയാമിക്കാർ ന്യൂയോർക്ക് സിറ്റിയെ നിഷ്പ്രഭമാക്കിയത്. തൊട്ടുമുമ്പത്തെ റൗണ്ടിൽ സിൻസിനാറ്റിയെ 4-0ന് നിലംപരിശാക്കിയ ആത്മവിശ്വാസവുമായാണ് മെസ്സിയും പിള്ളേരും ന്യൂയോർക്കുകാരെ നേരിടാൻ ഇറങ്ങിയത്.
കളി ചൂടുപിടിക്കുംമുമ്പേ ഇന്റർമയാമി ലീഡ് നേടുകയും ചെയ്തു. 14-ാം മിനിറ്റിൽ സെർജിയോ ബുസ്ക്വെറ്റ്സിന്റെ ത്രൂപാസ് പിടിച്ചെടുത്ത് കുതിച്ച അയെൻഡെയാണ് തകർപ്പൻ ഷോട്ടിലൂടെ സ്കോറിങ്ങിന് തുടക്കമിട്ടത്. ഒമ്പതു മിനിറ്റിനു ശേഷം കിടിലൻ ഹെഡറിലൂടെ അലെൻഡെയുടെ രണ്ടാം ഗോളും പിറന്നു. ജോർഡി ആൽബയുടെ ഇടതുപാർശ്വത്തുനിന്നുള്ള അളന്നുമുറിച്ച ക്രോസിൽ അയെൻഡെ വലയുടെ മൂലയിലേക്ക് പന്തിനെ കൃത്യമായി ചെത്തിയിടുകയായിരുന്നു. 37-ാം മിനിറ്റിൽ ജസ്റ്റിൻ ഹാകിലൂടെ വലകുലുക്കിയ ന്യൂയോർക്ക് സിറ്റിയുടെ പ്രതീക്ഷകൾ പക്ഷേ, പച്ചതൊട്ടില്ല.
67-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽനിന്ന് മാറ്റിയോ സിൽവെറ്റി ലക്ഷ്യം കണ്ടതോടെ ഇന്റർമയാമി പിടിമുറുക്കി. 83-ാം മിനിറ്റിൽ ആൽബയുടെ പാസിൽ ടെലാസ്കോ സെഗോവിയ നാലാം ഗോൾ നേടി. അന്തിമ വിസിലിന് ഒരുമിനിറ്റ് മുമ്പാണ് അയെൻഡെ ഹാട്രിക് നേട്ടത്തിലേക്ക് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിട്ടത്. മത്സരത്തിൽ ഗോളൊന്നും നേടിയില്ലെങ്കിലും ഒരു റെക്കോഡ് സ്വന്തം പേരിൽ കുറിച്ചാണ് മെസ്സി മടങ്ങിയത്.
മത്സരത്തിലെ അസിസ്റ്റിലൂടെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. മെസ്സിയുടെ 450ാമത്തെ അസിസ്റ്റായിരുന്നു മത്സരത്തിൽ പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.