വംശീയാധിക്ഷേപത്തിന് ഇരയായ റയൽ മഡ്രിഡിന്‍റെ ബ്രസീൽ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വന്തം ജനത. റിയോ ഡി ജനീറോയിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം അണച്ചാണ് ബ്രസീൽ ജനത താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
തിങ്കളാഴ്‌ച പ്രാദേശിക സമയം വൈകീട്ട് ആറിന് ഒരു മണിക്കൂർ നേരത്തേക്കാണ് ദീപം അണച്ചത്. ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തിനിടെയാണ് താരം കടുത്ത വംശീയ അധിക്ഷേപത്തിന് ഇരയായത്. റിയോയുടെയും ബ്രസീലിന്‍റേയും ഐക്കൺ ശിൽപമാണ് ക്രൈസ്റ്റ് ദി റെഡീമര്‍. വംശീയതയെ എതിര്‍ത്തുകൊണ്ടുള്ള ബ്രസീലിയന്‍ ജനതയുടെ പിന്തുണക്ക് താരം നന്ദി പറഞ്ഞു. പ്രകാശം അണഞ്ഞ ക്രൈസ്റ്റ് ദി റെഡീമര്‍ ശില്‍പത്തിന്‍റെ ചിത്രം സഹിതമാണ് വിനീഷ്യസ് ട്വീറ്റ് ചെയ്തത്.
വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന മത്സരം അവസാന മിനിറ്റുകളിലേക്ക് നീങ്ങവെയാണ് ടീമിന്‍റെ ആരാധകരിൽനിന്ന് മോശമായ പെരുമാറ്റം വിനീഷ്യസ് നേരിടേണ്ടി വന്നത്. സംഭവത്തെക്കുറിച്ച് വിനീഷ്യസ് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും കുറിച്ചത് ഇങ്ങനെ: “ഇത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ആയിരുന്നില്ല. ലാ ലിഗയിൽ വംശീയത സാധാരണമാണ്. ഫെഡറേഷനും അപ്രകാരം ചിന്തിക്കുന്നു. എതിരാളികൾ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടേതായിരുന്ന ലീഗ് ഇപ്പോൾ വംശീയവാദികളുടേതാണ്. പക്ഷേ ഞാൻ കരുത്തനാണ്. വർഗീയവാദികൾക്കെതിരെ അവസാനം വരെ പോരാടും. ഇവിടെ നിന്ന് ഏറെ അകലെയാണെങ്കിലും ഞാനത് തുടരും.”
സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും നെയ്മറും ഉൾപ്പെടെയുള്ളവർ വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.