മഡ്രിഡ്: ഒന്നാം സ്ഥാനത്ത് ബഹൂദൂരം മുന്നിൽ കുതിച്ച അത്ലറ്റികോ മഡ്രിഡ് നിർണായക പോരാട്ടത്തിൽ സെവിയ്യയോടു തോറ്റ് പോയിന്‍റ് കളഞ്ഞതോടെ കിരീടത്തിലേക്ക് ഇനി കാര്യങ്ങൾ എളുപ്പമെന്ന ആത്മവിശ്വാസത്തിൽ വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും. സെവിയ്യയുടെ അർജന്‍റീന താരം അക്യുനയാണ് നിർണായക ഗോളുമായി അത്ലറ്റികോയുടെ അന്തകനായത്. നേരത്തെ സെവിയ്യക്കനുകൂലമായി ലഭിച്ച പെനാൽറ്റി രക്ഷപ്പെടുത്തി ജാൻ ഒബ്ലാക് വലിയ തോൽവിയിൽനിന്ന് ടീമിനെ രക്ഷപ്പെടുത്തിയിരുന്നു. തോൽവിയോടെ രണ്ടാമതുള്ള റയലുമായി അത്ലറ്റികോയുടെ പോയിന്‍റ് അകലം മൂന്നായി ചുരുങ്ങി. നാല് പോയിന്‍റ് അകലവുമായി മൂന്നാമതാണെങ്കിലും ബാഴ്സലോണ തിങ്കളാഴ്ച ദുർബലരായ റയൽ വയ്യഡോളിഡിനെതിരെ ജയം പിടിക്കാനായാൽ വിലപ്പെട്ട മൂന്നു പോയിന്‍റുമായി അത്ലറ്റിക്കോക്ക് തൊട്ടരികെയെത്തും. കിരീടം സ്വപ്നം കാണുന്ന റയൽ- ബാഴ്സ ടീമുകൾ പരസ്പരം മുഖാമുഖം വരുന്ന എൽക്ലാസിക്കോ അടുത്തയാഴ്ച നടക്കാനിരിക്കെ ലാലിഗയിൽ പോരാട്ടം കൂടുതൽ കനക്കും.
അത്ലറ്റികോയെ വീഴ്ത്തിയ സെവിയ്യയാണ് 58 പോയിന്‍റുമായി പട്ടികയിൽ നാലാമത്.
ഞായറാഴ്ച നടന്ന മറ്റു ലാ ലിഗ മത്സരങ്ങളിൽ കാഡിസ് വലൻസിയയെയും (2-1), സെൽറ്റ വിഗോ അലാവസിനെയും (3-1) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.