ലാ ലിഗ: റയലിനും അത്‍ലറ്റികോക്കും ജയം

മഡ്രിഡ്: കഴിഞ്ഞ റൗണ്ടിൽ സമനിലയോടെ നഷ്ടമായ സ്പാനിഷ് ലാ ലിഗ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മഡ്രിഡ്. ഗെറ്റാഫെയെ 1-0 ത്തിന് തോൽപിച്ചാണ് റയൽ വീണ്ടും തലപ്പത്തെത്തിയത്. മൂന്നാം മിനിറ്റിൽ ഡിഫൻഡർ എഡർ മിലിറ്റാവോയാണ് നിർണായക ഗോൾ കണ്ടെത്തിയത്.

അത്‍ലറ്റികോ മഡ്രിഡ് 2-1ന് ജിറോണയെ തോൽപിച്ചു. എയ്ഞ്ചൽ കൊറിയയുടെ ഇരട്ട ഗോളുകളാണ് അത്‍ലറ്റികോക്ക് തുണായയത്. റോഡ്രിഗോ റിക്വൽമെയായിരുന്നു ജിറോണയുടെ സ്കോറർ. പുതിയ പരിശീലകനുമായെത്തിയ സെവിയ്യ അത്‍ലറ്റികോ ബിൽബാവോയോട് 1-1ന് സമനില വഴങ്ങി. തുടർ തിരിച്ചടികളെ തുടർന്ന് യൂലൻ ലോപറ്റെഗ്വിയെ പുറത്താക്കിയ സെവിയ്യ ജോർജ് സാംപോളിയെ പരിശീലകനാക്കിയിരുന്നു. വലൻസിയ 2-1ന് ഒസാസുനയെ തോൽപിച്ചു.

ബുണ്ടസ് ലീഗ: ബയേണിനെ തളച്ച് ഡോർട്ട്മുണ്ട്

ഡോർട്ട്മുണ്ട്: രണ്ടു ഗോളിന് പിന്നിട്ടുനിന്നശേഷം അവസാന കാൽമണിക്കൂറിൽ രണ്ടു ഗോൾ തിരിച്ചടിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിന് ബയേൺ മ്യൂണിക്കിനെതിരായ ജർമൻ ബുണ്ടസ് ലീഗ 'ക്ലാസികർ' പോരാട്ടത്തിൽ നാടകീയ സമനില. ഇഞ്ച്വറി സമയത്തിന്റെ അവസാന നിമിഷത്തിലെ ഗോളുമായി പകരക്കാരൻ ആന്റണി മോഡസ്റ്റെയാണ് ബൊറൂസിയക്ക് സ്വന്തം കാണികൾക്കുമുന്നിൽ സമനില സമ്മാനിച്ചത്. 74ാം മിനിറ്റിൽ 17കാരൻ യൂസുഫ മൗകോകോയുടെ ഗോളിന് വഴിയൊരുക്കിയതും മോഡസ്റ്റെയായിരുന്നു. നേരത്തേ ലിയോൺ ഗൊരസ്ക (33), ലിറോയ് സാനെ (53) എന്നിവരാണ് ബയേണിനായി ലക്ഷ്യംകണ്ടത്.

ബയർ ലെവർകൂസൻ 4-0ത്തിന് ഷാൽകെയെയും ബോഷെം 3-0ത്തിന് ഫ്രാങ്ക്ഫുർട്ടിനെയും തകർത്തപ്പോൾ ആർ.ബി ലൈപ്സിഷിനെ മെയിൻസും വോൾവ്സ്ബർഗിനെ ഓഗ്സ്ബർഗും 1-1ന് സമനിലയിൽ തളച്ചു. 17 വീതം പോയന്റുമായി യൂനിയൻ ബർലിനും എസ്.സി ഫ്രൈബർഗുമാണ് മുന്നിൽ. ബയേണിനും ഡോർട്ട്മുണ്ടിനും 16 പോയന്റ് വീതമാണുള്ളത്.

ഇറ്റാലിയൻ സീരി എ: മിലാൻ ടീമുകൾക്ക് ജയം

റോം: ഇറ്റാലിയൻ സീരി എയിൽ മിലാൻ ടീമുകൾക്ക് ജയം. കരുത്തരുടെ അങ്കത്തിൽ എ.സി മിലാൻ 2-0ത്തിന് യുവന്റസിനെ തോൽപിച്ചപ്പോൾ സസൗളോക്കെതിരെ 2-1നായിരുന്നു ഇന്റർ മിലാന്റെ ജയം. ഫികോയോ ടൊമോരി, ബ്രാഹീം ഡയസ് എന്നിവരാണ് യുവന്റസിനെതിരെ മിലാന്റെ ഗോളുകൾ നേടിയത്. ഹാഫ്ലൈനിനരികെ പന്ത് കിട്ടിയ ഡയസിന്റെ ഒറ്റക്കുള്ള മുന്നേറ്റത്തിലായിരുന്നു ഗോൾ. എഡിൻ സെക്കോയുടെ ഇരട്ട ഗോളുകളാണ് ഇന്ററിന് ജയം സമ്മാനിച്ചത്. സസൗളോയുടെ ഗോൾ ഡേവിഡ് ഫ്രാറ്റെസി നേടി. ബൊളോണ-സാംപ്ദോറിയ, ടൊറീനോ-എംപോളി മത്സരങ്ങൾ 1-1ന് സമനിലയിൽ അവസാനിച്ചു. 20 പോയന്റോടെ മൂന്നാം സ്ഥാനത്താണ് എ.സി മിലാൻ. ഇന്റർ 15 പോയന്റോടെ ഏഴാമതാണ്.

Tags:    
News Summary - La Liga: Real and Atletico win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.