റയലിനായി എംബാപ്പെയുടെ ആദ്യ ഹാട്രിക്; തകർപ്പൻ ജയവുമായി ലീഡ് ഉയർത്തി

മഡ്രിഡ്: റയൽ മഡ്രിഡ് ജഴ്സിയിൽ കിയിലൻ എംബാപ്പെ ആദ്യമായി ഹാട്രിക് നേടിയ മത്സരത്തിൽ സ്പാനിഷ് വമ്പന്മാർക്ക് തകർപ്പൻ ജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലാ ലിഗയിൽ അവസാന സ്ഥാനത്തുള്ള റയൽ വയ്യഡോലിഡിനെ തകർത്തത്.

ജയത്തോടെ ലീഗിൽ കാർലോ ആഞ്ചലോട്ടിയും സംഘവും ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിനേക്കാൾ നാലു പോയന്‍റ് മുന്നിൽ. സസ്പെൻഷനിലുള്ള ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ഇല്ലാതെ കളത്തിലിറങ്ങിയിട്ടും മത്സരത്തിലുടനീളം റയലിന്‍റെ ആധിപത്യമായിരുന്നു. 30ാം മിനിറ്റിൽ ഫ്രഞ്ച് സ്ട്രൈക്കർ റയലിനായി ലീഡെടുത്തു. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിന്‍റെ ക്രോസിൽനിന്നാണ് താരം വലകുലുക്കിയത്. 57ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ താരം ലീഡ് ഉയർത്തി.

രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+1) പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ ഹാട്രിക് പൂർത്തിയാക്കി. റയലിന്‍റെ വായ്പ താരം മരിയോ മാർട്ടിൻ ബോക്സിനുള്ളിൽ ബെല്ലിങ്ഹാമിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. മാർട്ടിനിക്ക് ചുവപ്പ് കാർഡും കിട്ടി. ലീഗിൽ എംബാപ്പെയുടെ ഗോൾ നേട്ടം ഇതോടെ 15 ആയി. ഒരു ഗോൾ അധികമുള്ള (16) ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് ഗോൾ വേട്ടക്കാരിൽ ഒന്നാമത്. കഴിഞ്ഞ മത്സരത്തിൽ അത്ലലറ്റികോ മഡ്രിഡ് സമനില വഴങ്ങിയതാണ് റയലിന് ലീഡ് ഉയർത്താൻ സഹായിച്ചത്.

റയലിന് 21 മത്സരങ്ങളിൽനിന്ന് 49 പോയന്‍റാണുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് അത്ലറ്റികോക്ക് 45 പോയന്‍റും. ഒരു മത്സരം കുറവ് കളിച്ച ബാഴ്സ 39 പോയന്‍റുമായി മൂന്നാമതാണ്. റയലിന്‍റെ അടുത്ത മത്സരം ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ബ്രെസ്റ്റിനെതിരെയാണ്. എവേ മത്സരം ജയിച്ചാൽ റയലിന് ആദ്യ എട്ടിലെത്താനാകും. ആദ്യ എട്ടിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് നേരിട്ട് നോക്കൗട്ടിൽ പ്രവേശിക്കാം.

Tags:    
News Summary - Kylian Mbappe scored his first hat-trick for Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.