സൂപ്പർതാരം ഇടപെട്ടു; നെയ്മർ-എംബാപ്പെ തർക്കത്തിന് താൽക്കാലിക പരിഹാരം

പി.എസ്.ജിയിൽ ബ്രസീലിയൻ താരം നെയ്മറും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും തമ്മിലുള്ള തർക്കത്തിന് താൽക്കാലിക പരിഹാരം.

സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇടപെടലാണ് നിർണായകമായത്. പരസ്യമായി ഏറ്റുമുട്ടില്ലെന്ന് ഇരുതാരങ്ങളും ധാരണയിലെത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൂപ്പർതാരങ്ങളുടെ തർക്കം ടീമിനു നാണക്കേടായതോടെയാണ് പ്രശ്നപരിഹാരത്തിനായി മെസ്സി ഇടനിലക്കാരനായത്.

ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ മോണ്ട്പെല്ലെയെറിനെതിരെ പെനാൽറ്റി എടുക്കുന്നതിനെ ചൊല്ലി നെയ്മറും എംബാപ്പെയും കളത്തിൽ ഏറ്റുമുട്ടിയതോടെയാണ് ഇവർക്കിടയിലെ തർക്കം പരസ്യമായത്. ഇതിനു പിന്നാലെ ഇരുവരും ഡ്രസിങ് റൂമിൽ ഏറ്റുമുട്ടിയെങ്കിലും ടീമിലെ മുൻ റയൽ മാഡ്രിഡ് താരം സെർജിയോ റാമോസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

എംബാപ്പെയെ വിമർശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾക്ക് താഴെ നെയ്മർ ലൈക്ക് ചെയ്തത് തർക്കം രൂക്ഷമാക്കി. ലീഗ് വണ്ണ് ചാമ്പ്യന്മാരായ പി.എസ്.ജി എംബാപ്പെയുടെ കരാർ മൂന്നു വർഷത്തേക്ക് നീട്ടി നൽകിയതോടെ താരത്തിന് ക്ലബിൽ കൂടുതൽ അധികാരം ലഭിച്ചതായി ആക്ഷേപമുണ്ട്.

അടുത്തിടെ പി.എസ്.ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ ടീ അംഗങ്ങളുടെ യോഗം വിളിച്ച് ഇരുവരെയും ശാസിച്ചതായാണ് വിവരം. പിന്നാലെ നെയ്മറും എംബാപ്പെയും മാപ്പ് പറഞ്ഞു. മധ്യസ്ഥ റോളിൽ മെസ്സി എത്തിയതോടെയാണ് പരസ്യമായി ഏറ്റുമുട്ടില്ലെന്ന് ഇരുവരും മാനേജ്മെന്‍റിന് ഉറപ്പ് നൽകിയത്.

ലീഗ് വൺ പോയിന്‍റ് പട്ടികയിൽ പി.എസ്.ജിയാണ് ഒന്നാമത്. എട്ടു മത്സരങ്ങളിൽനിന്ന് ഏഴു ജയവും ഒരു സമനിലയുമായി 22 പോയിന്‍റാണുള്ളത്.

Tags:    
News Summary - Kylian Mbappe and Neymar feud takes a new turn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT