മഡ്രിഡ്: സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ വിഖ്യാതമായ 10ാം നമ്പർ ജഴ്സി പുതിയ സീസണിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ അണിയും. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ക്ലബ് 10ാം നമ്പർ ജഴ്സിയുടെ പുതിയ അവകാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ സമ്മറിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് മഡ്രിഡിലെത്തിയ എംബാപ്പെ ഒമ്പതാം നമ്പർ ജഴ്സിയിലാണ് കഴിഞ്ഞ സീസണിൽ ക്ലബിനായി പന്തു തട്ടിയത്. മധ്യനിര താരം ലൂക്ക മോഡ്രിച് ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാനിലേക്ക് പോയതോടെയാണ് 10ാം നമ്പർ ജഴ്സി ലഭ്യമായത്. നിലവിൽ ഫ്രാൻസ് ദേശീയ ടീമിൽ 10ാം നമ്പറിലാണ് എംബാപ്പെ കളിക്കാനിറങ്ങുന്നത്. റയലിന്‍റെ പുതിയ മുഖമായി എംബാപ്പെയെ ഉയർത്തിക്കാട്ടുന്നതിന് അടിവരയിടുന്നതാണ് താരത്തിന് 10ാം നമ്പർ ജഴ്സി നൽകാനുള്ള ക്ലബ് മാനേജ്മെന്‍റ് തീരുമാനം.
ഒരു വർഷത്തെ കരാറിലാണ് ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച് ഇറ്റാലിയൻ ക്ലബിലേക്ക് പോയത്. യു.എസിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിനു പിന്നാലെയാണ് റയലിനൊപ്പമുള്ള 13 വർഷത്തെ യാത്ര ലൂക അവസാനിപ്പിച്ചത്. ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പി.എസ്.ജിക്കെതിരെയാണ് താരം റയലിനായി അവസാനമായി തൂവെള്ള ജഴ്സിയിൽ കളിക്കാനിറങ്ങിയത്. റയലിന്‍റെ മധ്യനിരയില്‍ ഭാവന്നാസമ്പന്ന സന്നിധ്യവുമായി നിന്ന ലൂക്ക 597 മത്സരങ്ങൾ കളിച്ചു. ക്ലബിനൊപ്പം 28 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസുമായി ചേര്‍ന്നു മോഡ്രിച് തീര്‍ത്ത മുന്നേറ്റങ്ങളും നീക്കങ്ങളും റയലിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.