ഉരുണ്ടുരുണ്ട് ഹൃദയഭൂമിയിൽ സന്തോഷപ്പന്ത്

മലപ്പുറം: എട്ട് പതിറ്റാണ്ട് മുമ്പ് കൽക്കത്തയെന്ന ഇന്ത്യൻ ഫുട്ബാളിന്‍റെ തറവാട്ട് മുറ്റത്തുനിന്ന് ഉരുണ്ട് തുടങ്ങിയ പന്ത് അതിന്‍റെ ഹൃദയഭൂമിയിലെത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ളതും പഴക്കമേറിയതുമായ ദേശീയ ചാമ്പ്യൻഷിപ്പിന്‍റെ പ്ലാറ്റിനം ജൂബിലി കിരീടം തേടി ശനിയാഴ്ച മുതൽ മലപ്പുറത്തെ മൈതാനങ്ങളിൽ പന്തുരുണ്ടു തുടങ്ങും.

75ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ തുടക്കമാവുന്നു. വിഷുവിനും ഈസ്റ്ററിനും ഇടയിൽ തുടങ്ങുന്ന പന്താഘോഷത്തിന് പെരുന്നാൾ രാത്രിയിലെ കലാശക്കളിയോടെയാണ് അവസാന വിസിൽ മുഴങ്ങുക.

ശനിയാഴ്ച രാത്രി എട്ടിന് പയ്യനാട്ട് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളം അട്ടിമറി വീരന്മാരായ രാജസ്ഥാനുമായി ഏറ്റുമുട്ടും. അതിന് മുമ്പ് രാവിലെ 9.30ന് കോട്ടപ്പടിയിൽ ബംഗാളും പഞ്ചാബും നേർക്കുനേർ വരുന്നുണ്ട്.

ഇതുവരെ 13 തവണ സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച കേരളം 14 തവണ ഫൈനൽ കളിച്ചിട്ടുണ്ട്. ആറ് തവണ കിരീടം നേടി.

മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയാവുന്നത് ആദ്യമാണ്. കരുത്തരായ ബംഗാളും പഞ്ചാബും മേഘാലയയും രാജസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളം. നിലവിലെ ജേതാക്കളായ സർവിസസ്, മണിപ്പൂർ, കർണാടക, ഗുജറാത്ത്, ഒഡിഷ ഗ്രൂപ്പ് ബി യിലാണ്. പയ്യനാട്ട് ഏപ്രിൽ 28നും 29നുമാണ് സെമി ഫൈനൽ. മേയ് രണ്ടിന് ഫൈനൽ. 

Tags:    
News Summary - Kickoff for Santosh Trophy football tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT