ഇന്ത്യൻ ഫുട്ബാൾ ടീമിന് പുതിയ പരിശീലകൻ; തന്ത്രം മെനയാൻ ഇനി ഖാലിദ് ജമീൽ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ഇന്ത്യൻ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. മലയാളി ഫുട്ബോൾ ഇതിഹാസം ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നികൽ കമ്മിറ്റി നിർദേശിച്ച മൂന്ന് പേരുകളിൽ നിന്നാണ് ഐ.എസ്.എൽ ക്ലബ് ജംഷെഡ്പൂർ എഫ്സി കോച്ച് കൂടിയായ ഖാലിദ് ജമീലിനെ കോച്ചായി തെരഞ്ഞെടുത്തത്.

രണ്ടു തവണ ഇന്ത്യൻ പരിശീലകനായ ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റ​ൈന്റൻ, ​െസ്ലാവാകൻ പരിശീലകനും, വിവിധ ദേശീയ ടീമുകൾക്ക് കളി തന്ത്രം മെനഞ്ഞ കോച്ചുമായ സ്റ്റെഫാൻ ​ടർകോവിച്ച് എന്നിവരെ മറികടന്നാണ് 48കാരനായ ഖാലിദ് ജമീലിന് എ.ഐ.എഫ്.എഫ് കൈകൊടുത്തത്.

13 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ദേശീയ ടീം പരിശീലകനാവുന്നത്. 2011-12ൽ സാവിയോ മെദിരയായിരുന്നു അവസാനമായി നീലക്കുപ്പായക്കാരുടെ കോച്ചായ ഇന്ത്യക്കാരൻ. സ്ഥാനമൊഴിഞ്ഞ മനോലോ മാർക്വസിന്റെ പകരക്കാരനായാണ് ഖാലിദ് ജമീൽ കോച്ചായി എത്തുന്നത്.

കുവൈത്തിൽ ജനിച്ചു വളർന്ന് ഇന്ത്യൻ കുപ്പായത്തിൽ മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷം പരിശീലക കുപ്പായത്തിലെത്തിയ ഖാലിദ് ജമീൽ ഐ ലീഗിൽ കിരീട വിജയവും ഐ.എസ്.എല്ലിലെ മികച്ച റെക്കോഡുകളുമായാണ് ദേശീയ ടീമിന്റെ പരിശീലകനായി മാറുന്നത്.

ഇന്ത്യക്കു വേണ്ടി 1998 മുതൽ 2006 വരെ 40 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ്, മഹീന്ദ്ര, എയർ ഇന്ത്യ, മുംബൈ എഫ്.സി എന്നിവർക്കായി കളിച്ച ഖാലിദ് ജമീൽ പരിശീലകനെന്ന നിലയിൽ മേൽവിലാസം കുറിക്കുന്നത് 2016-17 സീസണിൽ ഐസോൾ എഫ്.സിയിലൂടെയാണ്. മിസോറാമിൽ നിന്നുള്ള ക്ലബിനെ ആദ്യ സീസണിൽ തന്നെ അട്ടിമറി കുതിപ്പുമായി ഐ ലീഗ് കിരീട വിജയത്തിലെത്തിച്ചായിരുന്ന രംഗപ്രവേശം. പിന്നീട് ദേശീയ തലത്തിൽ പൊന്നുംവിലയുള്ള പരിശീകലനായി മാറി. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നോർത് ഈസ്റ്റ്, ബംഗളൂരു യുനൈറ്റഡ് എന്നിവടങ്ങളിലെ ദൗത്യത്തിനു ശേഷം, വിദേശ കോച്ചുമാർ വാഴുന്ന ഐ.എസ്.എല്ലിലും അരങ്ങേറി. 2023ൽ ജാംഷഡ്പൂർ എഫ്.സി മുഖ്യ കോച്ചായ ഖാലിദ് ഏറ്റവും ഒടുവിൽ ടീമിനെ സൂപ്പർകപ്പിൽ റണ്ണേഴ്സ് അപ്പുമാക്കി.

ഇന്ത്യൻ ഫുട്ബാളിന്റെ സാഹചര്യം നന്നായി അറിയുന്ന താരമെന്നതാണ് ഖാലിദിന് ദേശീയ ടീം കോച്ച് പട്ടത്തിലേക്ക് മുൻഗണന നൽകുന്നത്. രണ്ടു തവണ എ.ഐ.എഫ്.എഫിന്റെ മികച്ച കോച്ചിനുള്ള പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

പഞ്ചാബി കുടുംബാംഗമായി കുവൈത്തിൽ ജനിച്ചു വളർന്നാണ് ഫുട്ബാളിൽ പിച്ചവെക്കുന്നത്. കുവൈത്തിൽ നടന്ന അണ്ടർ 14 ക്യാമ്പിൽ ഫ്രഞ്ച് ഫുട്ബാൾ ഇതിഹാം മിഷേൽ പ്ലാറ്റീനിയുമായി നടന്ന കൂടികാഴ്ച സജീവ ഫുട്ബാളിൽ കരിയർ കെട്ടിപ്പടുക്കാനും പ്രചോദനമായി.

Tags:    
News Summary - Khalid Jamil appointed India coach, Indian men’s football team gets Indian head coach after 13 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.