തൃശൂർ: ഏഴ് വർഷമായി മുടങ്ങിക്കിടന്ന കേരള വിമൻസ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് വീണ്ടും വിസിൽ മുഴങ്ങുന്നു. ഏറെ പൊലിമയോടെ, വനിതകളുടെ ഫുട്ബാൾ മത്സരം തിരിച്ചുകൊണ്ടുവരാനാണ് കേരള ഫുട്ബാൾ അസോസിയേഷെൻറ തീരുമാനം.
ഡിസംബർ 11 മുതൽ 2022 ജനുവരി 24 വരെ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഫ്ലഡ്ലിറ്റിൽ മത്സരങ്ങൾ അരങ്ങേറും. ഗോകുലം കേരള എഫ്.സി, ലൂക്ക സോക്കർ ക്ലബ്, കേരള യുനൈറ്റഡ് എഫ്.സി, ഡോൺ ബോസ്കോ എഫ്.എ, കടത്തനാട് രാജ എഫ്.എ, ട്രാവങ്കൂർ റോയൽസ് എഫ്.സി തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ഫുട്ബാൾ ടീമുകളുടെ പോരാട്ടത്തിനാണ് ശക്തെൻറ തട്ടകം വേദിയാകുക.
എല്ലാ മത്സരങ്ങളും ലൈവ് സ്ട്രീമിൽ സംപ്രേക്ഷണം ചെയ്തും വ്യാപക പ്രചാരണം നൽകിയും ശ്രദ്ധയാകർഷിക്കും വിധം മികവുറ്റതാക്കാൻ നടപടി സ്വീകരിച്ചതായി കെ.എഫ്.എ ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ആദ്യ സംസ്ഥാന വനിത ലീഗ് മത്സരമാകും ഇത്. സാമ്പത്തിക ബാധ്യതയേറി കേരള വിമൻസ് ലീഗ് മത്സരങ്ങൾ മുടങ്ങിയിട്ട് വർഷങ്ങളായി.
ഇതോടെ ഇന്ത്യൻ വിമൻസ് ലീഗ് മത്സരങ്ങളിൽ മത്സരിക്കാൻ പല ക്ലബുകൾക്കും അവസരമുണ്ടായിരുന്നില്ല. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സി ലീഗിൽ മത്സരിച്ചത് റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംസ്ഥാന ലീഗുകളില്ലാത്തവരുടെ മത്സരങ്ങളിലൂടെയായിരുന്നു. കേരള വിമൻസ് ലീഗ് തിരിച്ചെത്തുന്നതോടെ ഇനി ഇന്ത്യൻ വിമൻസ് ലീഗ് മത്സരങ്ങളിേലക്കുള്ള യോഗ്യത നേടുക ഈ മത്സരങ്ങളിലൂടെയാണ്.
ആറ് വനിത ടീമുകളിൽനിന്ന് 120 വനികളാണ് ഇതോടെ തൃശൂരിലെ കളിമൈതാനത്ത് എത്തിച്ചേരുക. അവസരമില്ലാതിരുന്ന ഒരുപാട് ഫുട്ബാൾ താരങ്ങളുടെ ഉദയത്തിനാണ് ലീഗ് മത്സരങ്ങൾ സാക്ഷ്യം വഹിക്കുക. മാത്രമല്ല അടുത്ത മാസങ്ങളിൽ വരാനിരിക്കുന്ന ഏഷ്യൻ കപ്പ്, ഫിഫ അണ്ടർ 17 വേൾഡ് കപ്പ് തുടങ്ങി മത്സരങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയായിരിക്കും കേരള വിമൻസ് പ്രീമിയർ ലീഗ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.