ഐ ലീഗ് വനിത ഫുട്ബാളിൽ ഗോകുലം എഫ്.സിയും ഈസ്റ്റ് ബംഗാൾ എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ ഗോകുലം എഫ്.സിയുടെ ഫാസില ഗോൾ നേടുന്നു (ചിത്രം ബിമൽ തമ്പി)
കോഴിക്കോട്: വനിത ഐ ലീഗ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ വിജയ കുതിപ്പിന് തടയിട്ട് ഗോകുലം കേരള. ഞായറാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയെ 3-2 നാണ് ഗോകുലം കേരള എഫ്.സി പൂട്ടിയത്. യുഗാണ്ടൻ താരം ഫാസില ഇക്വാപുട്ട് നേടിയ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഗോകുലം കുതിപ്പ്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ഫസീല ആദ്യ ഗോൾ ഈസ്റ്റ് ബംഗാൾ വലയിലെത്തിച്ചു.
തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടിവന്നത് സന്ദർശക ടീമിന്റെ ആത്മവിശ്വാസം തകർക്കുന്നതായി. അവസരം മുതലാക്കിയ ഗോകുലം വൈകാതെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയുടെ 52ാം മിനിറ്റിൽ ഗോകുലത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഫസീലക്ക് പിഴച്ചില്ല. സ്കോർ 3-0. ലീഗിൽ 10 ഗോളും ഇതോടെ ഫാസില തികച്ചു.
മത്സരത്തിന്റെ അവസാന സമയത്ത് പോരാട്ടം കനപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ രണ്ട് ഗോൾ മടക്കിയത്. 86ാം മിനിറ്റിലും 91ാം മിനിറ്റിലും ഈസ്റ്റ് ബംഗാളിനായി റെസ്റ്റി വല കുലുക്കി. അഞ്ച് കളിയിൽ 12 പോയന്റുമായി ഈസ്റ്റ് ബംഗാൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയന്റാണ് മലബാറിയൻസിന്. ഫെബ്രുവരി ഏഴിന് ചെന്നൈയിൽ സേതു ഫുട്ബാൾ ക്ലബിനെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.