ഒടുവിൽ സ്ഥിരീകരണം, കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകൾ; ഏറ്റെടുത്തത് യു.എ.ഇയിലെ അൽ ഫുർസാൻ ഗ്രൂപ്പ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പൂർണ്ണ ഉടമസ്ഥാവകാശം കൈമാറുന്നു. നിലവിലെ ഉടമസ്ഥരായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിനായി അന്തിമ കരാറിൽ ഒപ്പുവെച്ചു. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർസാൻ ഗ്രൂപ്പാണ് ക്ലബ്ബിന്റെ പുതിയ ഉടമകൾ. 2026/27 സീസണിലുടനീളം ഘട്ടങ്ങളായിട്ടായിരിക്കും ഉടമസ്ഥാവകാശത്തിന്റെ പൂർണ്ണമായ കൈമാറ്റം പൂർത്തിയാവുക. ഈ ഘട്ടത്തിലും ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, പങ്കാളികളോടും ആരാധകരോടുമുള്ള പ്രതിബദ്ധത എന്നിവ തടസ്സമില്ലാതെ തുടരുമെന്ന് ക്ലബിന്‍റെ പഴയ ഉടമസ്ഥസംഘം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് കൈമാറുന്നതിനോടൊപ്പം നിലവിലെ ഷെയർഹോൾഡർമാർ ആരാധകർക്കായി വികാരനിർഭരമായ ഒരു കത്തും പുറത്തുവിട്ടിട്ടുണ്ട്. "ചില യാത്രകൾ ഒരു ചെറിയ ആശയത്തിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ പിന്നീട് അത് ആരും പ്രതീക്ഷിക്കാത്തത്ര വലിയ ഒന്നായി മാറും. ബ്ലാസ്റ്റേഴ്‌സ് ഞങ്ങൾക്ക് അങ്ങനെ ഒന്നായിരുന്നു. കേരളത്തിൽ ഒരു ഫുട്ബോൾ ക്ലബ്ബ് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ യാത്ര, ഇന്ന് സ്വന്തമായ വ്യക്തിത്വവും പാരമ്പര്യവുമുള്ള, ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായ ഒന്നായി മാറി. ക്ലബ്ബിന്റെ മികച്ച നിമിഷങ്ങൾക്കും പ്രതിസന്ധികൾക്കും ഞങ്ങൾ സാക്ഷ്യം വഹിച്ചു. ബ്ലാസ്റ്റേഴ്‌സിനെ വിൽക്കുക എന്ന തീരുമാനം എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്നാൽ, ഇന്ത്യൻ ഫുട്ബോളിലെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാനും കൂടുതൽ ഉയരങ്ങളിലേക്ക് വളരാനും സാധിക്കുന്ന ശക്തമായ അടിത്തറ പാകിയാണ് ഞങ്ങൾ പടിയിറങ്ങുന്നത്. വരാനിരിക്കുന്ന പുതിയ മാനേജ്‌മെന്റിനും ബ്ലാസ്റ്റേഴ്‌സിന്റെ അതേ ലക്ഷ്യബോധവും കാഴ്ചപ്പാടുമുണ്ട്. ടീമിനായി കളിച്ച കളിക്കാർ, പരിശീലകർ, ജീവനക്കാർ, പങ്കാളികൾ, എല്ലാറ്റിലുമുപരി നെഞ്ചിലേറ്റിയ ആരാധകർ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ഉടമസ്ഥർ മാറിയേക്കാം, ആളുകൾ വന്നേക്കാം പോയേക്കാം; എന്നാൽ ഈ ക്ലബ്ബ് നിർമ്മിച്ചിരിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയേക്കാളും വലുതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എന്നും തുടരുമെന്നും ഷെയർഹോൾഡർമാർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Tags:    
News Summary - Kerala Blasters FC Ownership Transfer: Management to Announce New Owners Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.