ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് റെ​ക്കോഡ് ജയം; മൂന്നാം സ്ഥാനത്ത്

വാസ്കോ: പിൻനിരക്കാരായ ഈസ്റ്റ് ബംഗാളിന്റെ വെല്ലുവിളി നേരിയ വ്യത്യാസത്തിൽ മറികടന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് പട്ടികയിൽ ആദ്യ നാലിലേക്ക് തിരിച്ചെത്തി. കൊൽക്കത്തക്കാരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇവാൻ വുകോമാനോവിചിന്റെ ടീം മറികടന്നത്. ഇതോടെ ആറാമതായിരുന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി.

15 കളികളിൽ 26 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 14 മത്സരങ്ങളിൽ 26 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനും തുല്യപോയന്റാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം കൊൽക്കത്ത ടീമിനാണ്. ഹൈദരാബാദ് എഫ്.സിയാണ് (16 കളികളിൽ 29 പോയന്റ്) ഒന്നാം സ്ഥാനത്ത്. ഒരു സീസണിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഏഴു ജയം സ്വന്തമാക്കുന്നത്.

ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 49ാം മിനിറ്റിൽ സ്റ്റോപ്പർ ബാക്ക് എനെസ് സിപോവിച് ആണ് ബ്ലാസ്റ്റേഴ്സിന് ജീവശ്വാസം പകർന്ന ഗോൾ നേടിയത്. പ്യൂട്ടിയ വലതുവിങ്ങിൽനിന്ന് ഉയർത്തിവിട്ട കോർണർ കിക്കിൽ ഉയർന്നുചാടി സിപോവിച് തലവെച്ചപ്പോൾ പന്ത് പോസ്റ്റിനരികിലൂടെ വലയിലെത്തി.

നാലു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രതിരോധനിര അടി​മുടി മാറി. മുൻനിരയിൽ ജോർഹെ പെരേര ഡയസ് സസ്‍പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പിൻനിരയിലെ മാർകോ ലെസ്കോവിചും ഹർമൻജോത് ഖബ്രയും സസ്‍പെൻഷൻ കാരണം പുറത്തായി. ഇവർക്കുപകരം മലയാളി താരം ബി​ജോയ് വർഗീസും സന്ദീപ് സിങ്ങും ഇറങ്ങി. കഴിഞ്ഞ കളിയിൽ നിഷു കുമാറിന് പകരമിറങ്ങി നിറംമങ്ങിയ കളി കാഴ്ചവെച്ച ധനചന്ദ്ര മീതെയെ ഇത്തവണ ഇറക്കിയില്ല. സഞ്ജീവ് സ്റ്റാലിനാണ് പകരക്കാരൻ.

താരതേമ്യേന ദുർബലരായ എതിരാളികളായിട്ടും താളം കണ്ടെത്താൻ പാടുപെടുന്ന ബ്ലാസ്റ്റേഴ്സായിരുന്നു കളത്തിൽ. കോവിഡിനും ദീർഘ അവധിക്കും ശേഷം തിരിച്ചെത്തിട്ട് ഇനിയും പഴയ ബ്ലാസ്റ്റേഴ്സ് ആയിട്ടില്ലാത്ത ടീമിന് പക്ഷേ ജാംഷഡ്പൂരിനെതിരെ പിഴച്ചപോലെ ഈസ്റ്റ് ബംഗാളിനെതിരെ പിഴവുപറ്റിയില്ല.

അല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യം ഈസ്റ്റ് ബംഗാളിന് മുതലെടുക്കാനായില്ലെന്ന് പറയുന്നതാവും ശരി. അല്ലെങ്കിൽ 82ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ഫ്രാൻ സോറ്റ അവിശ്വസനീയമായി പന്ത് പുറത്തേക്കടിച്ചതിനെ എന്തുവിളിക്കും.

ഏതായാലും ജാംഷഡ്പൂരിനെതിരെ മൂന്നു ഗോളിന് തകർന്നടിഞ്ഞതിനുശേഷം ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമായിരുന്നു. അത് ടീം നേടിയെടുത്തു. രണ്ടാമതുള്ള എ.ടി.കെയുമായും (ശനിയാഴ്ച) ​ഒന്നാമതുള്ള ഹൈദരാബാദുമായും (23ന്) ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ. അതിനുള്ള ഊർജമാവും ഈ ജയം എന്ന് പ്രതീക്ഷിക്കാം. 

Tags:    
News Summary - Kerala Blasters beat East Bengal in ISL 2021-22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.