നൗകാമ്പിൽ ബെൻസേമയുടെ ഗോളുത്സവം; ബാഴ്സയെ ചാരമാക്കി റയൽ കോപ ഡെൽ റേ കലാശപ്പോരിന്

സ്വന്തം തട്ടകത്തിൽ ​കളി മറന്ന കറ്റാലൻ സംഘത്തെ കെട്ടുകെട്ടിച്ച് കോപ ഡെൽ റേ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത് റയൽ മഡ്രിഡ്. ബെൻസേമ- വിനീഷ്യസ് കൂട്ടുകെട്ട് മുന്നിലും മോഡ്രിച്- കാമവിംഗ ജോഡി മധ്യത്തിലും കളി നയിച്ച ആവേശപ്പോരിൽ എതിരില്ലാത്ത നാലു ഗോളിനായിരുന്നു (ഇരുപാദ ശരാശരി 1-4) റയൽ ജയം. ഹാട്രിക് കുറിച്ചും അവശേഷിച്ച ഗോളിന് അസിസ്റ്റ് നൽകിയും ബെൻസേമ ആവേശമായപ്പോൾ ഒപ്പം നിന്ന് വിനീഷ്യസും വിജയശിൽപിയായി.

ഒന്നാം പാദത്തിലെ ഒരു ഗോൾ ജയത്തിന്റെ ആനുകൂല്യവുമായാണ് ബാഴ്സലോണ സ്വന്തം കളിമുറ്റത്ത് ബൂട്ടുകെട്ടിയത്. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിച്ച് ടീം മുന്നിൽ നിൽക്കുകയും ചെയ്തതാണ്. എന്നാൽ, ഇടവേളക്ക് വിസിൽ മുഴങ്ങാനിരിക്കെ സ്വന്തം ഗോൾമുഖത്തുനിന്ന് പുറപ്പെട്ട നീക്കത്തിനൊടുവിൽ ബെൻസേമ നൽകിയ പാസിൽ വിനീഷ്യസ് പന്ത് വലയിലെത്തിച്ചതോടെ കളി മാറി. പിന്നീടെല്ലാം ബെൻസേമ മയമായിരുന്നു. മോഡ്രിച് നൽകിയ പാസിൽ 50ാം മിനിറ്റിൽ ഗോൾവേട്ടക്ക് തുടക്കമിട്ട ഫ്രഞ്ച് സൂപർ താരം തൊട്ടുപിറകെ പെനാൽറ്റി വലയിലെത്തിച്ചും അവസാനം വിനീഷ്യസ് നൽകിയ പാസിൽ അനായാസം വല കുലുക്കിയും ഹാട്രിക് തികച്ചു. രണ്ടു ഗോളിന് പിന്നിൽ നിൽക്കെ വിനീഷ്യസിനെ വീഴ്ത്തി ഫ്രാങ്ക് കെസി വെറുതെ ചോദിച്ചു വാങ്ങിയ പെനാൽറ്റി കൂടിയാണ് ബാഴ്സയുടെ വിധി നിർണയിച്ചത്.

അവസാന മൂന്ന് എൽക്ലാസികോകളിലും പരാജയമാകുകയും ലാ ലിഗ കിരീട​പ്പോരിൽ ഏകദേശം പുറത്താകുകയും ചെയ്ത റയൽ മഡ്രിഡിന് ആശ്വാസം നൽകുന്നതായി വിജയം. ലാ ലിഗയിൽ ബഹുദൂരം മുന്നിലുള്ള ബാഴ്സയെ പിറകിലാക്കി ചാമ്പ്യൻപട്ടം പിടിക്കൽ ഇനി എളുപ്പമല്ല. പകരം കോപ ഡെൽ റേ കിരീടം പിടിച്ച് തത്കാലം ആശ്വസിക്കാമെന്നതാണ് നൗ കാമ്പ് വിജയം നൽകുന്ന വാഗ്ദാനം. നിലവിൽ സ്പാനിഷ് സൂപർ കപ്പ് ടീം സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗും കോപ ഡെൽ റേയും നേടിയ ടീമിന് ഇത്തവണയും ഇവ രണ്ടും ഒന്നിച്ച് ഷോകേസിലെത്തിക്കുകയെന്ന സ്വപ്ന നേട്ടവും കാത്തിരിക്കുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് കുറിച്ച ബെൻസേമയാകട്ടെ നീണ്ട ഇടവേളക്കു ശേഷം നൗ കാമ്പിൽ മൂന്നടിക്കുന്ന ആദ്യ റയൽ താരമായി. മുമ്പ് ഇതിഹാസതാരം ഫെറങ്ക് പുഷ്കാസ് മാത്രമാണ് റയൽ നിരയിൽ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. അഞ്ചു ദിവസത്തിനിടെയാണ് ബെൻസേമ രണ്ടാം ഹാട്രിക് കുറിക്കുന്നത്. സീസണിൽ റയലിനായി താരം 25 ഗോളുകൾ നേടിയിട്ടുണ്ട്.

Tags:    
News Summary - Karim Benzema scored a second-half hat-trick as Real Madrid routed Barcelona to reach the Copa del Rey final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.